തൊടുപുഴ: അരിക്കൊമ്പനെ വീണ്ടും മയക്കു വെടിവച്ചു. പിടികൂടിയ ആനയെ ഉള്ക്കാട്ടിലെത്തിച്ചു തുറന്നു വിടാനാണു തീരുമാനം. തമിഴ്നാട് വനംവകുപ്പാണ് കാട്ടില്‍നിന്നു നാട്ടിലേക്കിറങ്ങിയ ആനയെ മയക്കു വെടിവച്ചത്.
തേനിയ്ക്കടുത്ത് പൂശാരംപെട്ടിയ്ക്കടുത്തു വച്ച് രാത്രി 12.30നാണ് ആനയെ മയക്കുവെടി വച്ചത്. മയക്കുവെടി വച്ച കൊമ്പനെ അനിമല്‍ ആംബുലന്‍സില്‍ കയറ്റി തിരുനല്‍വേലിയിലേക്കു കൊണ്ടുപോകുകയാണ്.
കാരയാര്‍ ഡാമിനു സമീപം വനമേഖലയില്‍ ആനയെ തുറന്നു വിടുമെന്നാണു സൂചന. ജനങ്ങളുടെ എതിര്‍പ്പ് ഉണ്ടാകുമെന്നതിനാല്‍ ആനയെ തുറന്നുവിടുന്ന സ്ഥലത്തെ സംബന്ധിച്ച് തമിഴ്നാട് വനംവകുപ്പ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
ഒരാഴ്ചത്തെ കാത്തിരിപ്പിനു ശേഷമാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചത്. ജനവാസ മേഖലയിലേക്കിറങ്ങിയ ഉടനെ വെടി വയ്ക്കുകയായിരുന്നു. രണ്ടു ഡോസ് മയക്കുവെടിയാണ് വച്ചത്.
ലോറിയില്‍ വച്ച് ബൂസ്റ്റര്‍ ഡോസും നല്കി. ലോറിയില്‍ തുമ്പിക്കൈ പുറത്തിട്ട് ശൗര്യം കാട്ടിയതോടെയാണ് ബൂസ്റ്റര്‍ ഡോസ് നല്‍കിയത്. മൂന്നു കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ആനിമല്‍ ആംബുലന്‍സില്‍ കയറ്റിയത്. അരിക്കൊമ്പന് ആരോഗ്യവാനാണെന്നാണ് തമിഴ്നാട് വനംവകുപ്പ് നല്കുന്ന വിവരം.
കഴിഞ്ഞ 27ന് കമ്പത്ത് ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പന് പരിഭ്രാന്തി പരത്തിയതോടെ പിറ്റേന്ന് മയക്കുവെടി വയ്ക്കാന്‍ തമിഴ്നാട് വനംവകുപ്പു തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കമ്പം മുനിസിപ്പാലിറ്റിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. തയാറെടുപ്പുകള്‍ നടത്തി കാത്തുനിന്നെങ്കിലും അരിക്കൊമ്പന് കാട്ടിലേക്കു പോയതോടെ ദൗത്യം നീളുകയായിരുന്നു.
ഇടുക്കിയിലെ ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച അരിക്കൊമ്പനെ ഏപ്രില്‍ 29ന് മയക്കുവെടി വച്ചു പിടികൂടി നിയന്ത്രണത്തിലാക്കിയശേഷം ലോറിയില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേദകാനത്താണ് ഇറക്കി വിട്ടത്.
എന്നാല്‍ ഇവിടെ നിന്ന് ആന തമിഴ്നാട്ടിലെ മേഘമലയിലും മറ്റും ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. പിന്നീടാണ് അതിര്‍ത്തി പട്ടണമായ കമ്പത്തും എത്തി ജനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിച്ചത്.
അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരന് കമ്പം സ്വദേശി പാല്‍രാജ് പിന്നീട് ആശുപത്രിയില്‍ മരിച്ചു. ഇതോടെ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യവുമായി തമിഴ്നാട് വനംവകുപ്പ് നീങ്ങുകയായിരുന്നു. മയക്കുവെടി വിദഗ്ധര്‍ക്കു പുറമെ മുതുമലയില്‍ നിന്നുള്ള പ്രത്യേക സംഘത്തെയും ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.