മുക്കം: ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് 30-ലേക്ക് മാറ്റിവച്ച കണക്ക്പരീക്ഷ അധ്യാപകർക്ക് കടുത്ത പരീക്ഷണമാകും. ആ ദിവസം ഹൈസ്കൂളുകളിൽ രാവിലെ ഒന്പതു മുതൽ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ചുമതലയുള്ളതാണ് എസ്എസ്എൽസി പരീക്ഷ ഡൂട്ടിയുള്ള അധ്യാപകർക്ക് വിനയാകുന്നത്. 30 ന് രാവിലെ അധ്യാപകർ 8.30 നെങ്കിലും സ്വന്തം സ്കൂളിൽ എത്തേണ്ടി വരും.
12-ന് ഉത്തര പേപ്പർ ഏൽപ്പിച്ച് 12.30 ഓടെ സ്വന്തം വിദ്യാലയത്തിൽ നിന്നുതിരിച്ച് എസ്എസ്എൽസി ഡ്യൂട്ടിയുള്ള വിദ്യാലയത്തിൽ എത്തണം. പലർക്കും മലയോര മേഖലയിലടക്കം 20 ലധികം കിലോമീറ്റർ അകലെയുള്ള സ്കൂളിലാണ് പരീക്ഷഡ്യൂട്ടി ലഭിച്ചിരിക്കുന്നത്.
45 മിനുട്ടിനകം പരീക്ഷ ഡ്യൂട്ടിയുള്ള സ്കൂളിൽ എത്തുക ഏറെ പ്രയാസകരമായിരിക്കുമെന്ന് അധ്യാപക സംഘടനാ നേതാക്കൾ പറയുന്നു. യാതൊരു ഉത്തരവാദിത്വവുമില്ലാതെ സ്വകാര്യ ഗൈഡ് മുതലാളിമാർക്ക് ചോദ്യപേപ്പർ നിർമാണം നൽകുകയും പേപ്പർ ചോർന്നപ്പോൾ അതിന്റെ ദുരിതം അധ്യാപകരുടെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്യുന്നത് ജനാധിപത്യ സർക്കാരിന് ചേർന്നതല്ലെന്ന് ഇവർ പറയുന്നു.