ദുബായ്: ക്രിക്കറ്റിലെ പുതിയ നിയമങ്ങള്‍ക്കു നാളെ മുതല്‍ സാധുത. നാളെ മുതല്‍ ക്രിക്കറ്റ് അടിമുടി മാറും. അമ്പയര്‍മാരുടെ അധികാരപരിധി വര്‍ധിപ്പിക്കുന്ന തരത്തില്‍ തയാറാക്കിയിരിക്കുന്ന പുതിയ നിയമങ്ങളോട് ക്രിക്കറ്റ് ലോകം എങ്ങനെ പ്രതികരിക്കുമെന്ന് വരും ദിവസങ്ങളിലറിയാം.
കളിക്കളത്തില്‍ മോശമായി പെരുമാറിയാല്‍ ചുവപ്പുകാര്‍ഡ് കാണിച്ച് താരത്തെ പുറത്താക്കാം എന്നതാണ് പരിഷ്കരണങ്ങളിലെ പ്രധാന ഭാഗം. ഫുട്ബോളിലും റഗ്ബിയിലുമൊക്കെ കാണുന്ന ഈ നിയമം ക്രിക്കറ്റിലേക്കും വരുന്നുവെന്നതാണ് ഇതിലൂടെ മനസിലാക്കേണ്ടത്. മാന്യന്മാരുടെ കളിയായ ക്രിക്കറ്റില്‍ മാന്യതയ്ക്കു നിരക്കാത്ത സംഭവങ്ങള്‍ തുടര്‍ച്ചയായി അരങ്ങേറുന്നതുകൊണ്ടാണ് ഇത്തരത്തിലൊരു താരുമാനമെടുക്കാന് അന്താരാഷ്്ട്ര ക്രിക്കറ്റ് കൗണ്‍സിലിനു പ്രേരകമായത്.
പെരുമാറ്റം അതിരുവിട്ടാല്‍ പുറത്താകും
ഒരവസരത്തിലും പെരുമാറ്റം അതിരുവിടാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍, ചുവപ്പുകാര്‍ഡ് കണ്ട് താരം പുറത്തായിരിക്കും. ചുവപ്പുകാര്‍ഡ് കണ്ടാല്‍ ഫുട്ബോളിലേതുപോലെ തന്നെ ഗ്രൗ്ണ്ടിനു പുറത്തുപോയേ മതിയാകൂ. അമ്പയര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന ഈ അധികാരം എത്രത്തോളം പ്രയോഗത്തില്‍ വരുത്താനാകുമെന്ന കാര്യത്തില്‍ ക്രിക്കറ്റ് നിരീക്ഷകര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ചുവപ്പുകാര്‍ഡ് കാണിക്കുന്ന അവസരങ്ങള്‍
അമ്പയര്‍മാരെ വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുകയോ, അവര്‍ക്ക് നേരെ ബലപ്രയോഗം നടത്തുകയോ ചെയ്താല്‍.കളിക്കാര്‍ക്കോ ഗ്രൗണ്ടിലെ മറ്റ് വ്യക്തികള്‍ക്കോ നേരേ മോശമായ രീതിയില്‍ പെരുമാറിയാല്‍
ബാറ്റിന്റെ അളവ് അമ്പയര്‍ പരിശോധിക്കും
പുതിയ നിയമം ഓരോ ബാറ്റ്സ്മാന്റെയും ബാറ്റിന്റെ അളവ് പുനഃക്രമീകരിക്കുന്നു. 108 മില്ലി മീറ്റര്‍ വീതിയും, 67 മില്ലി മീറ്റര്‍ കനവും, 40 മില്ലിമീറ്റര്‍ അഗ്രകനവുമാണ് ബാറ്റുകള്‍ക്ക് വേണ്ട പുതിയ അളവ്. ബാറ്റ് അളയ്ക്കുന്നതിനായി ഉപകരണം അമ്പയര്‍മാരുടെ പക്കലുണ്ടാകും.
റണ്‍ ഔട്ടിലും ബാറ്റ്സ്മാന് അനുകൂലമായ മാറ്റം
ക്രീസിലേക്ക് ബാറ്റ്സ്മാന് ഡൈവ് ചെയ്യുന്ന സമയത്ത് ബാറ്റ് ക്രീസിലെത്തിയിട്ടും ഗ്രൗണ്ട് തൊടാത്ത അവസ്ഥയില്‍ നില്‍ക്കെ എതിര് കളിക്കാരന് വിക്കറ്റ് തെറിപ്പിച്ചാല്‍ ഇനി മുതല്‍ ബാറ്റ്സ്മാന് റണ്‍ഔട്ടാവില്ല. സ്റ്റംപിംഗിന്റെ സമയത്തും നിയമം ഇതുതന്നെയാണ്. വിക്കറ്റ് കീപ്പറോ ഫീല്‍ഡറോ ധരിച്ച ഹെല്‍മെറ്റില്‍ തട്ടിയ ശേഷമാണ് ഒരു ബാറ്റ്സ്മാന് റണ്‍ഔട്ടാവുന്നതോ ക്യാച്ച് ചെയ്ത് പുറത്താവുന്നതോ സ്റ്റംപ് ചെയ്ത് പുറത്താവുന്നതോ ആണെങ്കില്‍ അത് ഔട്ടായിത്തന്നെ പരിഗണിക്കും. ട്വന്റി-20യിലും ഇനി റിവ്യു സിസ്റ്റമുണ്ടാകും. ടെസ്റ്റിലാണെങ്കില്‍ റിവ്യൂവിന് അപ്പീല്‍ ചെയ്യാവുന്നതിന്റെ എണ്ണം കുറയ്ക്കും.
ഡൈവിംഗ് അതിര്‍ത്തി കടക്കരുത്
ബൗണ്ടറി ലൈനിനു മുകളിലൂടെ ചാടിപ്പിടിച്ച് പന്ത് അകത്തേക്കിട്ട് രക്ഷപ്പെടുത്തുന്നത് ഇനി നടക്കില്ല. ബൗണ്ടറി ക്യാച്ചുകളില്‍ ഫീല്‍ഡര്‍ പന്തുമായുള്ള അവസാന കോണ്ടാക്ട് ബൗണ്ടറി ലൈനിന് മുമ്പായി നടത്തണമെന്നു ചുരുക്കം. അല്ലാത്തപക്ഷം ബാറ്റിംഗ് ചെയ്യുന്ന ടീമിന് അനുകൂലമായി റണ്‍സ് അനുവദിക്കും. അതുകൊണ്ടുതന്നെ ഇനി ബൗണ്ടറി ലൈനിനരികിലെ അഭ്യാസ ക്യാച്ച് ഉണ്ടാവില്ല. പന്ത് തടയുന്പോൾ ബൗണ്ടറിക്കു പുറത്തുള്ള വസ്തുവി ലോ ആളിലോ സ്പർശമുണ്ടായാൽ അതു ബൗണ്ടറി യോ സിക്സറോ ആയി കണക്കാക്കും.
ടെസ്റ്റ് ക്രിക്കറ്റില്‍ പകരക്കാരുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയര്‍ത്തിയിട്ടുണ്ട്.
സ്റ്റംപിലെ ബെയ്ൽസ് തെറിച്ച് വിക്കറ്റ് കീപ്പര്‍ക്കോ ഫീല്‍ഡര്‍ക്കോ പരിക്കുപറ്റാതിരിക്കാനുള്ള സംവിധാനം ബെയ്ലില് ഘടിപ്പിക്കും.
ടെസ്റ്റ് ക്രിക്കറ്റല്‍ വിക്കറ്റ് വീണ ശേഷമുള്ള ഇടവേള രണ്ടു മിനിറ്റില്‍നിന്ന് മൂന്നാക്കി.
ബൗള്‍ ചെയ്യുമ്പോള്‍ ഒന്നില്‍ക്കൂടുതല്‍ തവണ ബൗണ്‍സ് ചെയ്താല്‍ അതു നോബോളായി കണക്കാക്കും. മുമ്പ് ഇതു രണ്ടു വരെ ആകാമായിരുന്നു.
പന്ത് ബാറ്റ്സ്മാന്റെ അടുത്തെത്തുന്നതിനു മുമ്പ് ഫീല്‍ഡര്‍ തടഞ്ഞാല്‍ അതു നോബോളോ ഡെഡ് ബോളോ ആയിരിക്കും. ബൈയോ ലൈഗ് ബൈയോ നോബോളായാല് ഇനി മുതല്‍ രണ്ടിനും പ്രത്യേകം റണ്‍ നല്‍കും.
നാളെ ആരംഭിക്കുന്ന ശ്രീലങ്ക-പാക്കിസ്ഥാന്, ബംഗ്ലാദേശ്-ദക്ഷിണാഫ്രിക്ക പരമ്പരകളോടെയായിരിക്കും പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയ്ക്ക് പുതിയ ക്രിക്കറ്റ് നിയമം ഈ പരമ്പരയ്ക്ക് ബാധകമാകില്ല. തീയതിക്കു മുമ്പ് പരമ്പര തുടങ്ങിയതിനാലാണിത്.