ന്യൂഡൽഹി: ബ്രൂക്ക് ബോണ്ട് റെഡ് ലേബൽ ചായപ്പൊടി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു കാന്പയ്ൻ. സംഘപരിവാർ അനുകൂലികൾ നേതൃത്വം നൽകുന്ന കാന്പയ്ൻ ട്വിറ്ററിൽ ട്രെൻഡിംഗാണ്.ഗണേശ ചതുർഥിയോട് അനുബന്ധിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തിറക്കിയ ഒരു പരസ്യമാണു റെഡ് ലേബലിനു മാതൃകന്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവറിനും എതിരേ ഇപ്പോൾ ബഹിഷ്കരണ കാന്പയ്ൻ ഉയരാൻ കാരണം.
ഗണേഷ് ചതുർഥിയോട് അനുബന്ധിച്ച് ഒരാൾ ഗണപതി വിഗ്രഹം വാങ്ങാൻ കടയിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പരസ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇത് യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണെന്നു പരസ്യത്തിന്റെ അവസാനം എഴുതി കാണിക്കുന്നുണ്ട്.
വിഗ്രഹം വാങ്ങാനെത്തുന്ന യുവാവിന്, കടയുടമ എല്ലാ വിഗ്രഹങ്ങളെയും സംബന്ധിച്ചു വിശദമായി പറഞ്ഞുനൽകുന്നു. വിഗ്രഹം വാങ്ങാൻ നിൽക്കുന്പോഴാണ് സമീപത്തെ പള്ളിയിൽ വാങ്ക് വിളിക്കുന്നത്.ഈ സമയം കടയുടമ പോക്കറ്റിൽനിന്നു തൊപ്പിയെടുത്തു തലയിൽ വയ്ക്കുന്നു.
കടയുടമ അഹിന്ദുവാണെന്നു മനസിലാക്കിയ യുവാവ് വിഗ്രഹം വാങ്ങാതെ മടങ്ങാനൊരുങ്ങുന്നു. ഈ സമയം റെഡ്ലേബൽ ചേർത്ത ചായ കടയുടമ യുവാവിനു വാഗ്ദാനം ചെയ്യുന്നു. ചായ കുടിച്ച യുവാവ് മനസുമാറ്റി വിഗ്രഹം വാങ്ങാൻ തീരുമാനിക്കുന്നു. എല്ലാം ശുഭം!. ഇതാണു പരസ്യത്തിന്റെ ഇതിവൃത്തം.
ഈ പരസ്യത്തിലൂടെ ഹിന്ദു സമുദായത്തിന്റെ ആഘോഷങ്ങളും ആചാരങ്ങളും അവഹേളിക്കപ്പെടുകയാണെന്നാണു കാന്പയ്ൻകാരുടെ ആരോപണം. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ തന്നെ കുംഭമേളയോട് അനുബന്ധിച്ചു പുറത്തിറക്കിയ പരസ്യവും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. മേളയ്ക്കിടെ അച്ഛനെ ഉപേക്ഷിച്ച് പോവുന്ന മകനാണു പരസ്യത്തിന്റെ കഥാതന്തു. എന്തുകൊണ്ടു മുസ്ലിംകളെ ഉപയോഗിച്ച് ഇത്തരം പരസ്യങ്ങൾ നിർമിക്കുന്നില്ലെന്ന് പ്രതിഷേധക്കാർ ചോദിക്കുന്നു.
അതേസമയം, പരസ്യം പുറത്തുവന്ന് ഒരു വർഷത്തിനുശേഷം ഉടലെടുക്കുന്ന വിവാദങ്ങളെ ചിലർ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നു. രാജ്യം സാന്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, ജിഡിപി ഇടിവ് എന്നിങ്ങനെ വിവിധങ്ങളായ പ്രശ്നങ്ങൾ നേരിടുന്പോൾ, ഈ വിഷയങ്ങളിൽനിന്നു സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള നീക്കമായി ഈ കാന്പയ്നെ വിലയിരുത്തുന്നു.