സ്വന്തം ലേഖകൻ
തൃശൂർ: ഒരു വായനാദിനം കൂടി കടന്നെത്തുന്പോൾ തൃശൂർ പബ്ലിക് ലൈബ്രറിയും സജീവം. മെംബർഷിപ്പ് ഉള്ളവർക്ക് മാത്രമായി പ്രവേശനം ഇപ്പോൾ പരിമിതപ്പെടുത്തിയിരിക്കുകയാണ്.
പുസ്തകം എടുത്തുകൊണ്ടുപോകാൻ അനുമതി നൽകിയിട്ടുണ്ട്. ലൈബ്രറിയിലിരുന്ന് വായിക്കുന്നതിന് അനുമതിയില്ല. മെംബർഷിപ്പില്ലാത്ത പൊതുജനങ്ങൾക്ക് പത്രങ്ങളും മറ്റും വായിക്കുന്നിന് സൗകര്യമുണ്ടായിരുന്ന പബ്ലിക് റീഡിംഗ് റൂം ഇപ്പോൾ അടച്ചിരിക്കുകയാണ്.
ലോക്ഡൗണ്‍ ഇളവു വന്നതിന് ശേഷം ഇക്കഴിഞ്ഞ ഒന്നാം തിയതിയാണ് ലൈബ്രറി തുറന്നത്. സാധാരണ ഗതിയിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് ലൈബ്രറി പ്രവർത്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ രാവിലെ ഒന്‍പതു മുതൽ വൈകീട്ട് നാലുവരെയാണ് പ്രവർത്തനം.
കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. ലോക്ഡൗണ്‍ കാലത്തും ജീവനക്കാർ ലൈബ്രറിയിലെത്തി പുസ്തകങ്ങൾ ഒതുക്കി വെക്കുകയും മറ്റും ചെയ്തിരുന്നതിനാൽ പുസ്തകങ്ങൾക്ക് യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ല.