കാലിഫോര്‍ണിയക്കാരി ജിഞ്ചര്‍ എന്ന ജര്‍മന്‍ ഷെപ്പേഡും”” എല്‍ ചാപ്പോ” എന്നറിയപ്പെടുന്ന മെക്‌സിക്കന്‍ മയക്കുമരുന്ന് രാജാവ് ജൊവാക്വിം ഗൂസ്മാനും തമ്മില്‍എന്തെങ്കിലും സാമ്യമുണ്ടോ എന്ന് പണ്ട് ചോദിക്കുകയാണെങ്കില്‍ ഇല്ലയെന്നായിരിക്കും ഉത്തരം ലഭിക്കുക. മെക്‌സിക്കോയിലെ അതീവസുരക്ഷയുള്ള ജയില്‍ അതിസമര്‍ഥമായി ചാടി രക്ഷപ്പെട്ട എല്‍ചാപ്പോയെ കവച്ചുവയ്ക്കുന്ന പ്രകടനമാണ് ജിഞ്ചര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ജിഞ്ചറും പ്രശസ്തയായിരിക്കുന്നത് ഒരു രക്ഷപെടലിലൂടെയാണ്. നായകള്‍ക്ക് ജയിലിനു തുല്യമായ ഒരു മൃഗസങ്കേതത്തില്‍ നിന്നുമാണ് അതിസാഹസികമായി രണ്ടുവയസുകാരിയായ ജിഞ്ചര്‍ രക്ഷപ്പെട്ടത്.
മൂന്നു സുരക്ഷാവാതിലുകളാണ് രക്ഷപെടുന്നതിനിടയില്‍ ജിഞ്ചര്‍ മറികടന്നത്. അലഞ്ഞു തിരിയുന്ന നായകള്‍ക്കായുള്ള ആപ്പിള്‍വാലിയിലെ മൃഗസംരക്ഷണ കേന്ദ്രത്തില്‍ കുറേനാള്‍ക്കു മുമ്പാണ് ജിഞ്ചര്‍ എത്തുന്നത്. ജിഞ്ചറിന്റെ പുതിയ യജമാനന് വീടില്ലാത്തതിനാലായിരുന്നു ഇവളെ ഇവിടേക്ക് കൊണ്ടുവരുന്നത്. പഴയ യജമാനനാവട്ടെ ഇവളെ തിരികെക്കൊണ്ടു പോകാന്‍ വണ്ടിവിളിക്കുകയെന്നത് ശ്രമകരവുമായിരുന്നു.എന്നാല്‍ ഇവിടുത്തെ ജീവിതം ജിഞ്ചറിന് ഇഞ്ചികടിച്ചതു പോലെയായിരുന്നു. അങ്ങനെയാണ് കഴിഞ്ഞ ദിവസം ഇവിടുന്നു രക്ഷപ്പെടാന്‍ ഇവള്‍ തീരുമാനിച്ചത്.
ആദ്യകടമ്പയായി മുമ്പിലുണ്ടായിരുന്നത് ആറടി ഉയരമുള്ള കൂടുതന്നെയായിരുന്നു. ഉച്ചയ്ക്കു ശേഷം ജിഞ്ചര്‍ തന്റെ പ്ലാന്‍ സമര്‍ഥമായി നടപ്പിലാക്കി. അധികം പ്രയാസമില്ലാതെ തന്നെ കൂടു ചാടിക്കടന്നു. ഇത് അവളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. പിന്നീട് അടഞ്ഞുകിടന്ന മൂന്നു വാതിലുകളും തുറന്ന് സ്വാതന്ത്യത്തിലേക്ക്. വാതിലുകളില്‍ ഘടിപ്പിച്ചിരുന്ന മോഷന്‍ സെന്‍സര്‍ അലാമുകള്‍ അതിവിദഗ്ദമായി ഓഫ് ചെയ്താണ് ഇവള്‍ കെട്ടിടത്തിനു പുറത്തുകടന്നത്. ഇത് അധികൃതര്‍ കണ്ടുപിടിച്ചെങ്കിലും അപ്പോഴേക്കും ജിഞ്ചര്‍ മറ്റൊരു ദേശത്തെത്തിയിരുന്നു. ലോബിയിലെ കസേരകളുടെ മുകളിലൂടെ ചാടിയാണ് ജിഞ്ചര്‍ പുറത്തുകടന്നത്.
കൗണ്ടറില്‍ മേശപ്പുറത്തുവച്ചിരുന്ന ഫോണുകള്‍ നിലത്തു ചിതറിക്കിടന്നിരുന്നു. മുന്‍വശം ആരോ തകര്‍ത്തതു പോലെയായിരുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്തായാലും രക്ഷപ്പെട്ടതിന്റെ മൂന്നാംനാള്‍ ജിഞ്ചര്‍ പഴയ ഉടമയുടെ വീടിനു സമീപത്തെത്തി. പഴയ ഉടമ അവളെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. ജിഞ്ചര്‍ ഇപ്പോള്‍ ഹാപ്പിയാണ്. തന്റെ പഴയവീട്ടില്‍ അവള്‍ കൂടുതല്‍ സുരക്ഷിതത്വബോധം അനുഭവിക്കുകയും ചെയ്യുന്നു. ഈ കഥ കേട്ട ആയിരക്കണക്കിനാളുകളാണ് ജിഞ്ചറിനെ ദത്തെടുക്കാന്‍ മുമ്പോട്ടു വന്നിരിക്കുന്നത്.