പി. ജയകൃഷ്ണന്
കണ്ണൂര്‍: സ്ഥലം വില്പനയുടെയും കൈമാറ്റത്തിന്റേയും മറവില്‍ സാധാരണക്കാരായ ഭൂവുടമകളെ പറ്റിച്ച് പണം പിടുങ്ങുന്ന ഉദ്യോഗസ്ഥ, ബ്രോക്കര്‍ ലോബി സംസ്ഥാനത്ത് സജീവം.
ജീവിച്ചിരിക്കുന്ന ഒരു വ്യക്തി ജീവിച്ചിരിക്കുന്ന മറ്റൊരു വ്യക്തിക്കോ, വ്യക്തികള്‍ക്കോ, തനിക്കുതന്നെയോ സ്വത്ത് (സ്ഥലം) കൈമാറുന്നതാണ് സ്വത്ത് കൈമാറ്റം.
സ്ഥലം കൈമാറ്റത്തില്‍ നിലവില്‍ വില്പന നടത്തുന്ന ആളുടെ പേരിലുള്ള സ്വത്തിന്റെ ആധാരം വാങ്ങുന്ന ആളുടെയോ, സ്ഥാപനങ്ങളുടെയോ മറ്റോ പേരിലേക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതാണ് നിലവിലെ രീതി.
എന്നാല്‍ സ്വത്ത് വില്പനയ്ക്ക് ആധാരം (രേഖ) പോരെന്നും പട്ടയം കൂടി ഉണ്ടായാല്‍ മാത്രമെ രജിസ്ട്രേഷന് സാധ്യമാകൂ എന്നും ബ്രോക്കര്‍ (ഏജന്റ്) സ്ഥല ഉടമയെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്.
സ്വത്ത് രജിസ്ട്രേഷന് നടക്കണമെങ്കില്‍ പട്ടയം വേണമെന്ന് ബ്രോക്കർ സ്ഥലം ഉടമയെ വിശ്വസിപ്പിക്കുകയാണ്. അതിനായി പട്ടയത്തിന് അപേക്ഷിക്കണമെന്നു പറഞ്ഞ് ഒരുഏജന്റിനെ പരിചയപെടുത്തുന്നതോടെ തട്ടിപ്പിന്റെ ആദ്യഘട്ടമാകും.
ഇത്തരത്തില്‍ പട്ടയത്തിനായി ഏജന്റ് വഴി ഭൂവുടമ അപേക്ഷ നല്‍കുകയാണ്. ചില ട്രിബ്യൂണല്‍ ജീവനക്കാരടങ്ങുന്ന സംഘത്തിന്റെ ഒത്താശയോടെയാണ് തട്ടിപ്പ്.
പട്ടയം തയാറാക്കാന്‍ ലക്ഷങ്ങള്‍ വരെ ഇത്തരം പട്ടയ എജന്റുമാർ ഈടാക്കുന്നതായാണ് ആരോപണം. പലപ്പോഴും പല പട്ടയ അപേക്ഷകള്‍ക്കും ഒരേ വ്യക്തി തന്നെയാണ് ട്രിബ്യൂണലില്‍ ഹാജരാകുന്നത്.
ഭൂ ഉടമ അവകാശപെടുത്തി കൊടുക്കുന്ന വ്യക്തി എന്ന നിലയിലാണത്രെ ഇത്തരം ബ്രോക്കര്‍മാര്‍ ഹാജരാകുന്നത്.കണ്ണൂര്‍ ജില്ലയില്‍ പ്രധാനമായു കൂത്തുപറമ്പ്, ഇരിട്ടി മേഖലയിലാണ് ഇത്തരത്തില്‍ ഭൂമി വില്പനയുടെ മറവില്‍ പട്ടയത്തിന്റെ പേരു പറഞ്ഞ് വലിയ തട്ടിപ്പ് നടക്കുന്നത്.
ഉദ്യോഗസ്ഥരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഏറെ സ്വാധീനമുള്ള സംഘമാണ് ഇതിന് പിന്നില്ലെന്നാണ് ആരോപണം.
കല്യാണം, വീട് നിര്‍മാണം, കടബാധ്യത തുടങ്ങിയവ തരണം ചെയ്യാനായിരിക്കും സാധാരണക്കാര്‍ പലപ്പോഴും തന്റെ കൈവശമുള്ള ഭൂമി വില്പന നടത്തുന്നത്.
ഇവരുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്താണ് ഇത്തരം ലോബിയുടെ തട്ടിപ്പ്. ഭൂമി വില്പനയ്ക്ക് പട്ടയം ആവശ്യമില്ലേലും സാമ്പത്തികമായി മുന്നോക്കം നില്ക്കുന്നവരുടെ ഭൂമിക്ക് അവര്‍ പട്ടയം കൂടി തയാറാക്കി സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ സാധാരണക്കാരായ ജനങ്ങള്‍ പലപ്പോഴും ഇങ്ങനെ ചെയ്യാറില്ല.
ഇനി അപേക്ഷിച്ചാലും ഉദ്യോഗസ്ഥ സ്വാധീനക്കുറവും കൈക്കൂലി നല്കാന് പണമില്ലാത്തതും പലപ്പോഴും സാധാരണക്കാരന്റെ പട്ടയത്തിനുള്ള അപേക്ഷ, അപേക്ഷയായി മാത്രം കിടക്കാന്‍ കാരണമാകുന്നു. അപേക്ഷിച്ചവർ വാങ്ങാതെ ട്രിബ്യൂണൽ ഓഫീസിൽ കിടക്കുന്ന പട്ടയങ്ങളുടെ എണ്ണവും നിരവധി.
സ്വത്തിന്റെ കൈമാറ്റങ്ങള്‍ തന്നെ വിവിധ തരത്തിലുണ്ട്. വില്പന, പാട്ടത്തിന് നല്കല്, വാടകയ്ക്ക് നല്കല്, പണയപ്പെടുത്തല്‍, ദാനം നല്കല്, പരസ്പര കൈമാറ്റം എന്നിവ ഇതില്‍പെടും. യഥാര്‍ഥത്തില്‍ നമ്മുടെ വസ്തുവിന്റെ കൈമാറ്റത്തിനായി സ്ഥലം കൊടുക്കുന്നവരും വാങ്ങുന്നവരും മാത്രം മതി.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് സംവിധാനം നിലവിലുള്ള സാഹചര്യത്തില്‍ ഭൂ രജിസ്ട്രേഷന് മൂന്നാം കക്ഷിയുടെ ആവശ്യമില്ല. ഇനി മൂന്നാം കക്ഷി എന്ന നിലയില്‍ ആധാരം എഴുത്തുകാരുടെ സേവനവും തേടാം.
എന്നാല്‍ ഭൂ രജിസ്ട്രേഷന്റെ മറവില്‍ പല ആധാരം എഴുത്തുകാരും തോന്നിയ പോലെ ഫീസ് ഈടാക്കുന്നതായും പരാതി ഉണ്ട്.
ഇത്ര വിലയുള്ള സ്വത്തിന് ഇത്ര ശതമാനം തുക ഈടാക്കാം എന്ന കണക്ക് നിലവിലുള്ളപ്പോഴാണ് തോന്നിയപോലെ ആധാരം എഴുത്തുകാർ ചാര്‍ജ് ഈടാക്കുന്നത്. ഇക്കാര്യവും പലപ്പോഴും സാധാരണക്കാരായ ഭൂവുടമകള്‍ക്ക് അറിയില്ല എന്നതാണ് സത്യം.