വെബ്‌ഡെസ്ക്
ഇടുക്കി അടിമാലി ഇരുട്ടുകാനത്ത് നടന്‍ ബാബുരാജിന് വെട്ടേറ്റെന്ന വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. നടനെതിരായ ആക്രമണത്തെക്കുറിച്ച് മാധ്യമങ്ങളും നിറംപിടിപ്പിച്ച വാര്‍ത്തകള്‍ നല്കി. പല മാധ്യമങ്ങളും ബാബുരാജിന്റെ ഭാഗം പറയാനാണ് ശ്രമിച്ചത്. മറ്റു മാധ്യമങ്ങളില്‍ നിന്നു വ്യത്യസ്തമായി സംഭവത്തിന്റെ നിജസ്ഥിതി അറിയാനാണ് രാഷ്ട്രദീപികഡോട്ട്‌കോം ശ്രമിച്ചത്. ഞങ്ങളുടെ അടിമാലി റിപ്പോര്‍ട്ടറെ ബന്ധപ്പെടുകയായിരുന്നു ആദ്യം ചെയ്തത്. മറ്റു മാധ്യമങ്ങള്‍ നല്കുന്നതില്‍ നിന്ന് വ്യത്യസ്തമായൊരു ചിത്രമാണ് അടിമാലി റിപ്പോര്‍ട്ടറില്‍ നിന്ന് സംഭവത്തെപ്പറ്റി ഞങ്ങള്‍ക്ക് ലഭിച്ചത്.
വര്‍ഷങ്ങളായി ഇരുട്ടുകാനം രണ്ടാംമൈലില്‍ താമസിക്കുന്ന വ്യക്തിയാണ് സ്ഥലത്തിന്റെ ഉടമയായ സണ്ണി തോമസ്. ഇവിടെ കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് ബാബുരാജ് ഒരു റിസോര്‍ട്ട് വാങ്ങിയിരുന്നു. സണ്ണിയുടെ സ്ഥലത്തോട് ചേര്‍ന്നായിരുന്നു ഈ റിസോര്‍ട്ട്. വെള്ളത്തിന്റെ ക്ഷാമം രൂക്ഷമായതോടെ ബാബുരാജ് സണ്ണിയുടെ സ്ഥലം വാങ്ങിയിരുന്നു. ഈ സ്ഥലത്തുള്ള കുളം വൃത്തിയാക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. കുളം വൃത്തിയാക്കുന്നതിനായി തൊഴിലാളികളെയുംകൂട്ടി ബുധനാഴ്ച രാവിലെ എട്ടോടെ ബാബുരാജ് എത്തിയപ്പോള്‍ സണ്ണി എതിര്‍പ്പുമായി രംഗത്തു വന്നു. ഇതേതുടര്‍ന്ന് ബാബുരാജ് അടിമാലി പോലീസില്‍ പരാതി നല്‍കി. സംഭവസ്ഥലത്തെത്തിയ പോലിസ് കുളം വൃത്തിയാക്കുന്നത് പിന്നീടാകാം എന്ന ധാരണയില്‍ പിരിഞ്ഞു. പിന്നീട് 11 ഓടെ കുളത്തിലെ വെള്ളം വറ്റിക്കുന്നതിന് മോട്ടാര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ തുടങ്ങിയതോടെ പ്രകോപിതനായ സണ്ണി വാക്കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടുകയായിരുന്നു. ഇത്രയുമാണ് ചൊവ്വാഴ്ച്ച നടന്ന സംഭവങ്ങള്‍.
ഇരുവര്‍ക്കുമിടയിലെ വിഷയങ്ങളെക്കുറിച്ച് നാട്ടുകാരോട് തിരക്കിയപ്പോള്‍ ബാബുരാജിനെതിരേ രൂക്ഷമായ ആരോപണങ്ങളാണ് പലരും ഉന്നയിച്ചത്. പലര്‍ക്കും ബാബുരാജ് പണം നല്കാനുണ്ടെന്ന പരാതിയാണ് പലര്‍ക്കും ഉണ്ടായിരുന്നത്. റിസോര്‍ട്ടിലെത്തുന്ന ബാബുരാജിന്റെ സുഹൃത്തുക്കള്‍ മദ്യപിച്ച് വലിയ ശല്യമുണ്ടാക്കുന്നതായും പരാതിയില്‍ പറയുന്നു. നാട്ടുകാരുമായി നല്ല ബന്ധം പുലര്‍ത്തുന്ന സണ്ണിയെക്കുറിച്ച് അയല്‍വാസികള്‍ക്ക് നല്ല അഭിപ്രായവും. വട്ടവടയില്‍ ഷൂട്ടിങ്ങിനെത്തിയപ്പോള്‍ ബാബുരാജ് നിരവധി കച്ചവടക്കാര്‍ക്ക് പണം നല്കാതെ മുങ്ങിയതായും ആരോപണമുണ്ട്. ബാബുരാജിനും സംഘത്തിനും സഞ്ചരിക്കാനായി വാടകയ്ക്കു വിളിച്ച ജീപ്പുകള്‍ക്ക് വാടകയും നല്കിയിട്ടില്ലത്രേ.
അതേസമയം വെട്ടിനു കാരണമായ സംഭവത്തെക്കുറിച്ച് ബാബുരാജ പറയുന്നതിങ്ങനെ.’ഈ വസ്തു മൂന്നുവര്‍ഷം മുമ്പ് മുഴുവന്‍ വിലയും കൊടുത്ത് ഞാന്‍ വാങ്ങിയതാണ്. പക്ഷേ ആധാരം റജിസ്റ്റര്‍ ചെയ്യാന്‍ ചെല്ലുമ്പോഴാണ് ഇയാളല്ല ഈ സ്ഥലത്തിന്റെ ഉടമയെന്ന് ഞാന്‍ അറിയുന്നത്. ഇയാളുടെ പേര് സണ്ണി തോമസ് എന്നാണ്. അച്ഛന്റെ പേര് തോമസ് സണ്ണിയും. സണ്ണിയുടെ വസ്തു എന്ന പേരിലാണ് സ്ഥലം വാങ്ങിയത്. അതിനാല്‍ വാങ്ങിയ കാലത്ത് അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നുമില്ല. ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ ചെന്നപ്പോള്‍ മാത്രമാണ് ഈ നൂലാമാലകളെ കുറിച്ചൊക്കെ അറിയുന്നത്. തോമസ് സണ്ണിയുടെ നാലുമക്കള്‍ക്കും അവകാശമുള്ള ഭൂമിയാണിത്. അവരാരും അറിയാതെയാണ് ഇദ്ദേഹം ഭൂമി വിറ്റത്” ബാബുരാജ് പറയുന്നു. ഇദ്ദേഹത്തിനെതിരെ താന്‍ അടിമാലി കോടതിയില്‍ വഞ്ചനയ്ക്കും ആള്‍മാറാട്ടത്തിനും കേസ് കൊടുത്തിട്ടുണ്ടെന്നും ബാബുരാജ് പറഞ്ഞു.
ആ കുളത്തില്‍ നിന്നും രണ്ടുവര്‍ഷമായിട്ട് ഇയാളുടെ സമ്മതത്തോടുകൂടിയായിരുന്നു വെള്ളമെടുത്തിരുന്നതെന്നും വ്യക്തമാക്കി. കുളം വൃത്തിയാക്കി കരിങ്കല്ലുകൊണ്ട് കെട്ടുകയും ചെയ്‌തെന്നു പറയുന്ന ബാബുരാജ് ഇയാള്‍ പ്രശ്‌നമുണ്ടാക്കുമെന്ന് താന്‍ വിചാരിച്ചിരുന്നുവെന്നും പറഞ്ഞു. മുന്‍കരുതലായി മൂന്നാര്‍ ട്രിബ്യൂണല്‍ കോടതിയില്‍ നിന്നും ഇന്‍ജങ്ഷന്‍ ഓര്‍ഡറുമായാണ് താന്‍ എത്തിയതെന്നും ഇതു പറയുന്നതിനിടയില്‍ യാതൊരു പ്രകോപനവുമില്ലാതെ വാക്കത്തി കൊണ്ട് വെട്ടുകയുമായിരുന്നെന്ന് ബാബുരാജ് ആരോപിക്കുന്നു. മകളുടെ കല്യാണത്തിനായാണ് ഭൂമി വില്‍ക്കുന്നതെന്നു പറഞ്ഞു കേട്ടാണ് താന്‍ ഈ ഭൂമി വാങ്ങുന്നതെന്നും ആ തുകയുപയോഗിച്ച് മകളുടെ കല്യാണം നടത്തിയത്. സണ്ണിക്ക് ഒരു കാറപടകത്തില്‍ പെട്ടപ്പോള്‍ താന്‍ 50000 രൂപ കൊടുത്തെന്നും ബാബുരാജ് പറയുന്നു. സംഭവത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളാണ് വരുന്നതെന്നും ബാബുരാജ് പറയുന്നു.