കോഴിക്കോട്: കാണാതായ റിയല് എസ്റ്റേറ്റ് ബിസിനസുകാരന് കോഴിക്കോട് എരമംഗലം ആട്ടൂര് ഹൗസില് മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവറെയും ഭാര്യയെയും കാണാതായി. കോഴിക്കോട് എലത്തൂര് പ്രണവം ഹൗസില് രജിത്കുമാര് (45), ഭാര്യ സുഷാര (35) എന്നിവരെയാണ് കാണാതായത്. മാമി തിരോധാന കേസില് പ്രത്യേക അന്വേഷണ സംഘം മാസങ്ങള്ക്കുമുമ്പ് രജിത്കുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇപ്പോള് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനുമുമ്പാകെ ഹാരാകുന്നതിനുവേണ്ടി ഇയാള്ക്ക് നോട്ടീസ് നല്കിയിരുന്നു. ഇതിനിടയിലാണ് കാണാതായത്.
കോഴിക്കോട് കെഎസ്ആര്ടിസി ബസ് ടെര്മിനലിനു സമീപത്തെ സ്വകാര്യ ടൂറിസ്റ്റ് ഹോമില് മുറിയെടുത്ത ഇരുവരും ഇന്നലെ രാവിലെ മുറി ഒഴിഞ്ഞതായി നടക്കാവ് പോലീസില് ബന്ധുക്കള് നല്കിയ പരാതിയില് പറയുന്നു. പിന്നീട് വീട്ടില് തിരിച്ചെത്തിയില്ല. ഇതേതുടര്ന്നാണ് രാത്രി വൈകി പോലീസ് സ്റ്റേഷനില് പരാതി നല്കിയത്. പോലീസ് കേസെടുത്ത് തെരച്ചില് ആരംഭിച്ചു.
2023 ഓഗസ്റ്റ് 21നാണ് മുഹമ്മദ് ആട്ടൂരിനെ കാണാതായത്. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലെ നക്ഷത്ര അപ്പാര്ട്ട്മെന്റില് ആയിരുന്നു മുഹമ്മദ് താമസിച്ചിരുന്നത്. ഓഗസ്റ്റ് 21ന് ഇവിടെ നിന്നിറങ്ങിയ മുഹമ്മദിനെ പിന്നീട് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇദ്ദേഹത്തിന്റെ മൊബൈല് ഫോണ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില് ഓഗസ്റ്റ് 22 ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര് ഭാഗങ്ങളില് ഇദ്ദേഹം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. പിന്നീട് ഫോണ് സ്വിച്ച് ഓഫായി ഒന്നര വര്ഷമായിട്ടും ക്രൈംബ്രാഞ്ച് അന്വേഷണത്തില് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.
മാമി തിരോധാന കേസില് എഡിജിപി എം.ആര്. അജിത്കുമാറിനെതിരേ പി.വി. അന്വര് എംഎല്എ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. തിരോധാന കേസില് എഡിജിപി എം.ആര്. അജിത്കുമാര് ദുരുഹ ഇടപെടലുകള് നടത്തിയതായി ഡിജിപി ഷെയ്ഖ് ദര്വേശ് സാഹിബ് സര്ക്കാറിനു റിേപ്പാര്ട്ട് നല്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപവത്കരിച്ചതിലടക്കമുള്ള അജിത്കുമാറിന്റെ ഇടപെടലുകള് വ്യക്തമാക്കിയിരുന്നത്. പിന്നീടാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്.