കോഴിക്കോട്: ബാലുശേരി സ്വദേശിയായ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന് എരമംഗലം ആട്ടൂര്‍ ഹൗസില്‍ മുഹമ്മദ് ആട്ടൂരിനെ (56) കാണാതായ സംഭവം ക്രൈംബ്രാഞ്ചിനു വിട്ടേക്കും. ഇക്കാര്യം പോലീസ് ഗൗരവമായി പരിഗണിച്ചുവരികയാണ്.
നാലുമാസം കഴിഞ്ഞിട്ടും ഇദ്ദേഹത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുന്ന കാര്യം പോലീസ് ആലോചിക്കുന്നത്. നടക്കാവ് പോലീസാണ് നിലവില്‍ കേസന്വേഷിക്കുന്നത്. ഓഗസ്റ്റ് 21നാണ് മുഹമ്മദ് ആട്ടൂരിനെ കാണാതായത്. കോഴിക്കോട് വൈഎംസിഎ ക്രോസ് േറാഡിലെ നക്ഷത്ര അപ്പാര്‍ട്ട്മെന്റില്‍ ആയിരുന്നു മുഹമ്മദ് താമസിച്ചിരുന്നത്.
ഓഗസ്റ്റ് 21ന് ഇവിടെനിന്നിറങ്ങിയ മുഹമ്മദിനെ പിന്നീട് ഇതുവരെ കണ്ടെത്തിയിട്ടില്ല.ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഓഗസ്റ്റ് 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗങ്ങളില്‍ ഇദ്ദേഹം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. ഇതുവരെ ഓണ്‍ ആക്കിയിട്ടില്ല.
തിരുവനന്തപുരം, ഹൈദരാബാദ്, ബംഗളൂരു, കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ നടക്കാവ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. വിമാനത്താവളങ്ങളിലും അന്വേഷണം നടത്തി. വിദേശത്തേക്ക് കടന്നിട്ടുണ്ടോ എന്നറിയാനായിരുന്നു ഇത്. എന്നാല്‍ ഇതിനുള്ള തെളിവും പോലീസിന് ലഭിച്ചിട്ടില്ല.