ഫോറൻസിക് സിനിമ കണ്ട് ത്രില്ലടിച്ചവരാണ് നമ്മളിൽ പലരും. അമേരിക്കയിൽ നടന്ന സംഭവം കേട്ടാലും ഒരു സിനിമാക്കഥപോലെ തോന്നും. 40 വർഷത്തിനു ശേഷം ഒരു കൊലപാതകക്കേസ് തെളിഞ്ഞിരിക്കുകയാണ്. കൊലപാതകിയോ പോയിട്ട് കൊല്ലപ്പെട്ടവരെപ്പോലും തിരിച്ചറിയാനാവാതെ പോലീസ് അവസാനിപ്പിച്ച കേസ് തെളിയിച്ചതോ രണ്ട് സ്ത്രീകളും.
1985ലാണ് ന്യൂ ഹാംഷെയറിലെ ബിയർ ബ്രൂക്ക് സ്റ്റേറ്റ് പാർക്കിലെ ഒായിൽ വീപ്പിൽ നിന്നാണ് രണ്ട് മൃതദേഹ അവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തിയത്. ഒരു മൃതദേഹം സ്ത്രീയുടേതും അടുത്തത് ഒരു കുട്ടിയുടെയുമായിരുന്നു. അഞ്ചുവർഷം മുന്പ് കൊല്ലപ്പെട്ടവരായിരുന്നു അവർ. മരിക്കുന്പോൾ സ്ത്രീക്ക് 20 വയസിനോടത്തും കുട്ടിക്ക് ഒരു വയസിനോടടുത്തുമാണ് പ്രായം.
പോലീസ് കാര്യമായ അന്വേഷണം നടത്താത്തതോ എന്തോ. അധികം അകലെയല്ലാതെയുണ്ടായിരുന്ന മറ്റൊരു വീപ്പയിലുണ്ടായിരുന്ന രണ്ട് മൃതദേഹം അവശിഷ്ടങ്ങൾക്കൂടി കണ്ടെത്താൻ 15 വർഷം കൂടിയെടുത്തു പോലീസിന്. രണ്ടായിരമാണ്ടിലാണ് പോലീസ് ഇത് കണ്ടെത്തുന്നത്. അതും രണ്ടും പെൺകുട്ടികളുടെ മൃതദേഹം.
ഒരാൾക്ക് ഏഴു വയസും ഒരാൾക്ക് നാലു വയസും പ്രായം. ഈ നാലു മൃതദേഹങ്ങളും തമ്മിലുള്ള ബന്ധം മരിച്ച സ്ത്രീയുടെ കുട്ടികളാണ് രണ്ടു പേർ. ഇവരെല്ലാം കൊല്ലപ്പെട്ടത് 1980 കാലഘട്ടത്തിലാണ്. പക്ഷെ കൊല്ലപ്പെട്ടവരാണ്? ആരെയും തിരിച്ചറിയാൻ പോലീസിനായില്ല. അതോടെ കേസ് അവസാനിപ്പിച്ചു.
റിബേക്കയുടെ വരവ്
യുഎസ്എയിലെ കണക്റ്റിക്കട്ടിൽ നിന്നുള്ള 34 കാരിയായ റിസർച്ച് ലൈബ്രേറിയൻ റിബേക്കയുടെ ശ്രദ്ധയിൽ അവിചരിതമാണ് ഈ സംഭവം എത്തുന്നത്. 2010ലാണ് ബിയർ ബ്രൂക്ക് കൊലപാതകം റിബേക്കയുടെ ശ്രദ്ധയിൽപ്പെടുന്നത്. 40 വർഷം മുന്പ് നടന്ന കൊലപാതകം. ഇതുവരെ ആരാണ് കൊല്ലപ്പെട്ടതെന്നോ, കൊലപാതകിയെന്നോ കണ്ടെത്താനായിട്ടില്ല. ആദ്യം വലിയ കാര്യമായി ഈ സംഭവം റിബേക്ക എടുത്തില്ല. പക്ഷെ 2016 ആയപ്പോഴേക്കും റിബേക്ക കേസ് കാര്യമായി എടുത്തു.
അതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ഒരു ടിവി ചാനലിലെ ക്രൈം സ്റ്റോറിയിൽ 2010ൽ നടന്ന ഒരു കൊലപാതക്കേസിൽ അറസ്റ്റിലായ ആളുടെ കഥയായിരുന്നു ബിയർ ബ്രൂക്ക് കൊലപാതകക്കേസിൽ റിബേക്കയുടെ താത്പര്യം കൂട്ടാൻ കാരണം.
ഭാര്യയെ കൊന്ന കേസിൽ ശിക്ഷ അനുഭവിക്കുന്ന ഒരാളുടെ കേസായിരുന്ന ഷോയിൽ കാണിച്ചത്. ശിക്ഷാവിധിയിൽ അദ്ദേഹം ഒരു അപരനാമം ഉപയോഗിച്ചിരുന്നുവെങ്കിലും 2017 ജൂലൈയിൽ അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ടെറി പെഡർ റാസ്മുസ്സെൻ എന്നാണെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ താമസിച്ചിരുന്നത് ബിയർ ബ്രൂക്ക് സ്റ്റേറ്റ് പാർക്കിനു സമീപവുമായിരുന്നുവെന്ന് ഷോയിൽ പറഞ്ഞു.
സൂചനകൾ
ഇതോടെ റിബേക്ക കേസിൽ കൂടുതൽ ശ്രദ്ധചെലുത്തി. സായാഹ്നങ്ങളിലും വാരാന്ത്യങ്ങളിലും നൂറുകണക്കിന് മണിക്കൂർ കേസിനുവേണ്ടി ചിലവഴിച്ചു. പതിറ്റാണ്ടുകൾ പഴക്കമുള്ള വംശാവലിയെക്കുറിച്ചുള്ള വെബ്സൈറ്റ് സന്ദേശിച്ചു.
നാല് ബന്ധുക്കളെ തെരയുന്ന ആളുകളിൽ നിന്നുള്ള പോസ്റ്റുകൾക്കായി നാല് ബിയർ ബ്രൂക്ക് ഇരകളുടെ പ്രൊഫൈലുകൾ സൈറ്റുകളിൽ അപ്ലോഡ് ചെയ്തു. സൈറ്റുകളിൽ നൽകിയിരിക്കുന്ന കാണാതായവരെ കണ്ടുകിട്ടിയോ അതോ അവർ മരിച്ചോ എന്ന് കണ്ടെത്താൻ നിരവധി രേഖകൾ പരിശോധിച്ചു.
അവളുടെ ഒഴിവു സമയങ്ങളെല്ലാം സൂചനകൾക്കായി ചെലവഴിച്ചു. 1999 Ancestry.com എന്ന സൈറ്റിൽ കണ്ടെത്തിയ ഒരു വിവരം റിബേക്കയിൽ പുതിയ പ്രതീക്ഷ നൽകി. അർദ്ധസഹോദരിയെ അന്വേഷിക്കുന്ന ഒരു സ്ത്രീയിൽ നിന്നായിരുന്നു അത്.
1978 ൽ കാലിഫോർണിയയിൽ വച്ച് ഒരു വയസുള്ളപ്പോൾ സഹോദരിയെ അവസാനമായി അമ്മയോടും മൂത്ത അർദ്ധസഹോദരിയോടും കണ്ടതായി യുവതി വിശദീകരിച്ചു. സാറാ മക്വാട്ടേഴ്സ് എന്നായിരുന്നു അവരുടെ അർദ്ധ സഹോദരിയുടെ പേര്. അവളുടെ മൂത്ത സഹോദരി മാരി വോൺ. ഇരുവരുടെയും അമ്മ മാർലിസ് എലിസബത്ത് ഹണിചർച്ച് ആയിരുന്നു.
1978 ൽ കാലിഫോർണിയയിൽ നിന്ന് പോയതിനുശേഷം സാറയുടെ കുടുംബത്തിൽ നിന്നുള്ള ആരും അവളെ കണ്ടിട്ടില്ല. ഈ വിവരങ്ങൾ റിബേക്കയ്ക്ക് അവേശം പകർന്നു. ബിയർ ബ്രൂക്ക് ഇരകളായ നാല് പേരിൽ മൂന്നുപേർ മർലിസും മാരിയും സാറയും ആകാമോ എന്ന് റിബേക്ക ഗൗരവമായി ചിന്തിക്കാൻ തുടങ്ങി.
1999 Ancestry.com പോസ്റ്റ് ചെയ്ത സ്ത്രീയ കണ്ടെത്തനായി പിന്നീട് റബേക്കയുടെ ശ്രമം. ഫേസ്്ബുക്കിലൂടെ ഏറെ പരിശ്രമത്തിനുശേഷം റബേക്ക അത് സാധിച്ചെടുത്തു. താൻ ഇപ്പോഴും സാറയെ തിരയുന്നുണ്ടെന്ന് ആ സ്ത്രീ റബേക്കയോട് പറഞ്ഞു. മാത്രമല്ല മാർലിസ് നഗരം വിട്ടുപോയ ആളുടെ അവസാന പേര് റാസ്മുസ്സെൻ ആണെന്നും ആ സ്ത്രീ പറഞ്ഞു.
ഇതോടെ തന്റെ നിഗമനം ശരിയാണെന്ന മനസിലാക്കിയ റബേക്ക സന്തോഷം കൊണ്ട് തുള്ളിച്ചാടി.റിബേക്ക ഉടൻ തന്നെ തന്റെ കണ്ടെത്തലുകളുമായി പോലീസിനെ സമീപിച്ചു.
കൊല്ലപ്പെട്ടവരിൽ മൂന്നുപേർ മർലിസും പെൺമക്കളുമാണെന്ന് സ്ഥിരീകരിക്കാൻ പോലീസിന് ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചു. പക്ഷെ അപ്പോഴും ചില ചോദ്യങ്ങൾ അവശേഷിച്ചു.ആരാണ് ഈ റാസ്മുസ്സെൻ. എന്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയത്? എങ്ങനെയാണ് കൃത്യം ചെയ്തത്?
റസ്മുസ്സൈൻ ചെറിയ മീനല്ല
ഡിറ്റക്ടീവ് പീറ്റർ ഹെഡ്ലിയുടെ നേതൃത്വത്തിലുള്ള പോലീസിന് അന്വേഷണം ആരംഭിച്ചു. 2015-ൽ വിരമിച്ച അഭിഭാഷകനായ ബാർബറയും കേസ് അന്വേഷണത്തിനായി കൂടെക്കൂടി. ടെറി റാസ്മുസ്സെൻ കൊളറാഡോസക്കാരനാണ്.
ഒരു കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് അയാളെ ഉപേക്ഷിച്ച് ഭാര്യയും കുട്ടികളും പോയി. മാർലിസുമായി പോയ റാസ്മുസ്സെൻ ന്യൂ ഹാംഷെയറിൽ ഇവാൻസ് എന്ന കള്ളപ്പേരിൽ താമസിക്കുകയായിരുന്നു. ബിയർ ബ്രൂക്ക് ഗാർഡൻസ് പാർക്കിന് സമീപം അലൻസ്റ്റൗണിലെ ജനറൽ സ്റ്റോറിൽ ഇലക്ട്രീഷ്യനായി ജോലിയും ചെയ്തിരുന്നു.
വൈകാഥെ മാർലിസിനെയും മക്കളെയും കാണാതായി. ആരും പരാതിയുമായി എത്തിയതുമില്ല. 1981 ൽ ഡെനിസ് ബ്യൂഡിനൊപ്പം ഇവാൻസ് എന്ന പേരിൽ താമസം തുടങ്ങി. ഡെനിസിന് ആറുമാസം പ്രായമുള്ള കുട്ടി അപ്പോഴുണ്ടായിരുന്നു.
വൈകാതെ ഇരുവരും അപ്രത്യക്ഷരായി. ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ അവർ നഗരം വിട്ട് ഓടിപ്പോയെന്ന് ഡെനിസിന്റെ കുടുംബം കരുതി. അതുകൊണ്ട് അവരെ കാണാതായതായി റിപ്പോർട്ടുചെയ്തില്ല.
1999 ഡിസംബറിൽ റാസ്മുസ്സെൻ കാലിഫോർണിയയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. ലാറി വാനർ പുതിയ പേരിൽ രസതന്ത്രജ്ഞനായ യുൻസൂൺ ജൂനുമായി (42) ആയാൾ പുതിയ ബന്ധം തുടങ്ങി.
2001 ജൂണിൽ യുൻസൂൺ അപ്രത്യക്ഷമായപ്പോൾ പോലീസ് റാസ്മുസ്സനെ അറസ്റ്റു ചെയ്തു. റാസ്മുസ്സൈന്റെ വീട്ടിൽ നിന്നു യുൻസൂണിന്റെ മൃതദേഹം കണ്ടെത്തി. കൊലപാതക കുറ്റം സമ്മതിച്ച റാസ്മുസ്സനെ 15 വർഷം ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
പക്ഷെ ഇപ്പോഴും മറ്റ് കൊലപാതകങ്ങൾ തെളിയിക്കാൻ പോലീസിനായിട്ടില്ല. കാണാതായവർ എവിടെയെന്ന കാര്യം അജ്ഞാതമായി തുടരുന്നു…