കോഴിക്കോട്: ഒരു നിമിഷം മതി ജീവിതം മാറാൻ എന്ന് പറയാറില്ലേ. ചിലപ്പോൾ ചില നല്ലതിലേക്കോ അല്ലങ്കിൽ മോശം അവസ്ഥയിലേക്കോ ആകും ആ നിമിഷം നമ്മെ കൊണ്ടെത്തിക്കുന്നത്. കഴിഞ്ഞദിവസം മാറാട് പോലീസ് സംഘം ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ച ആയത്. മറ്റൊന്നുമല്ല, നമ്മുടെ ജീവിതത്തിലെ ഏതെങ്കിലുമൊക്കെ സാഹചര്യം മറ്റുള്ളവന്റെ നൻമയ്ക്ക് ഉതകും വിധം പ്രവർത്തിക്കുക എന്ന് പറയുന്നത് എത്ര യാഥാർഥ്യമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ പോലീസുകാർ.
ഫറൂഖ് പുതിയ പാലത്തിന് മുകളിൽ നിന്നും ആത്മഹത്യ ഭീഷണി നടത്തിയ യുവാവിനെയാണ് മാറാട് പോലീസ് സംഘം കൈ പിടിച്ച് ജീവിതത്തിലേക്ക് എത്തിച്ചത്. ഇതിന്റെ വീഡിയോ കേരള പൊലീസിന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാത്ത ആരാ ഉള്ളത്… അതിന് ഇങ്ങനെ തുടങ്ങിയാലോ. അതൊക്ക നേരിടണം, ചിരിച്ചുകൊണ്ട് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്.
നിന്നെക്കൾ വലിയ പ്രശ്നങ്ങൾ ഞങ്ങൾക്കുണ്ട്. ഞങ്ങളെ വിശ്വാസമുണ്ടോ അനിയാ നിനക്ക്, നീ താഴെ ഇറങ്ങി വാ നിന്നെ ആരും ഒന്നും ചെയ്യില്ല എന്ന് പറഞ്ഞ് പാലത്തിനു മുകളിൽ നിന്ന് അവനെ പോലീസുകാർ കൈപിടിച്ച് താഴെയിറക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
വീഡിയോയ്ക്ക് നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ യുവാവിന്റെ സ്വകാര്യതസംരക്ഷിച്ച് മുഖം മറച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊരുവന്റെ സ്വകാര്യതയെ മാനിച്ചതിനും പോലീസുകാർക്ക് ആയിരം സല്യൂട്ട് എന്നാണ് മറ്റു ചിലർ കുറിച്ചത്.