ആലുവ: ആശുപത്രി വികസന സമിതിയുടെ പേരിൽ ആലുവ ജില്ലാ ആശുപത്രിയിലെ രോഗികളിൽനിന്ന് അനധികൃതമായി പണം പിരിക്കുന്നതായി പരാതി. രസീതിൽ കൃത്യമായ വിവരങ്ങളില്ലാതെ കൂപ്പണ്‍ മാതൃകയിൽ പണം പിരിക്കുന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്.
രോഗികളുടെ പേരോ തിയതിയോ സീലോ ഇല്ലാതെ 50, 100 രൂപയുടെ കൂപ്പണുകളാണ് വിതരണം ചെയ്തിരുന്നത്. സ്കാനിംഗ്, എക്സറേ തുടങ്ങിയവ ആവശ്യമായിവരുന്ന രോഗികളുടെ പക്കൽനിന്നാണ് ഇത്തരത്തിൽ പണം ഈടാക്കുന്നത്.
ഇതിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സിപിഐ പ്രതിനിധികളാണ് കമ്മിറ്റിയിൽ വിഷയം അവതരിപ്പിച്ചത്. ഇതോടെ കൃത്യമായ രസീതില്ലാതെ നടത്തിയിരുന്ന പണപ്പിരിവ് അവസാനിപ്പിക്കാൻ ജില്ല പഞ്ചായത്ത് ജനറൽ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. അടുത്ത ദിവസം മുതൽ രസീതിൽ തീയതി, വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുത്തി പുതിയ രസീത് തയാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ അറിയിച്ചു.