ന്യൂയോർക്ക്: ഇന്ത്യ ഉൾപ്പെടെയുള്ള അറുപതോളം രാജ്യങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരത്തീരുവ ചുമത്തിയത് അമേരിക്കൻ വിപണിക്ക് തിരിച്ചടിയാകുന്നതായി റിപ്പോർട്ട്. തീരുവ പ്രഖ്യാപനത്തിനു പിന്നാലെ അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഡൗ ജോൺസ് സൂചിക 1200 പോയിന്റ് താഴേക്കു പതിച്ചു. നാസ്ഡാക്. എസ് ആൻഡ് പി 500 സൂചികകൾക്ക് നാലര ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി. ആപ്പിളിന്റെ വിപണി മൂല്യത്തിലും വൻ ഇടിവ് രേഖപ്പെടുത്തി.
250 ബില്ല്യൺ ഡോളറാണ് ആപ്പിൾ മൂല്യത്തിലുണ്ടായ ഇടിവ്. കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ തകർച്ച യുഎസ് ഓഹരി വിപണി നേരിടുന്നതെന്നാണ് വിലയിരുത്തൽ. എന്നാൽ വിപണി കുതിച്ചുയരാൻ പോകുന്നുവെന്നാണ് ട്രംപ് ഓഹരി തകർച്ചയ്ക്ക് മറുപടി പറഞ്ഞത്.
‘കാര്യങ്ങൾ വളരെ നന്നായി പോകുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ശസ്ത്രക്രിയ ആവശ്യമുള്ള ഒരു രോഗിയെ പോലെയായിരുന്നു യുഎസിന്റെ കാര്യങ്ങൾ. ഞങ്ങൾ ആ വലിയ കാര്യം നടപ്പിലാക്കി. ഇത് ഇങ്ങനെയായിരിക്കും നടപ്പിലാക്കുക’ എന്ന് ട്രംപ് വ്യക്തമാക്കി.
ഉയർന്ന താരിഫ് ഒഴിവാക്കാൻ യുഎസിൽ ഉത്പന്നങ്ങൾ നിർമിക്കാൻ ആഗ്രഹിക്കുന്ന കമ്പനികളെ ട്രംപ് സ്വാഗതം ചെയ്തു. യുഎസിലേക്ക് ട്രില്യൺ കണക്കിന് ഡോളറിന്റെ നിക്ഷേപം എത്തുമെന്നാണ് പകരച്ചുങ്കം പ്രഖ്യാപനത്തിനുശേഷം ട്രംപ് പറഞ്ഞത്.