തല തിരിഞ്ഞാല്‍ ലത! ഇംഗ്ലീഷ് വാക്കുകളുടെ സ്‌പെല്ലിംഗ് തിരിച്ച് പറഞ്ഞ് ലത നേടിയത് ഗിന്നസ് റെക്കോര്‍ഡ്!

hdhdhഇംഗ്ലീഷ് വാക്കുകളുടെ സ്‌പെല്ലിങ് കുറഞ്ഞ സമയത്തിനുള്ളില്‍ തിരിച്ചുപറഞ്ഞ് ചേപ്പുംപാറ കളരിക്കല്‍ ലത ആര്‍. പ്രസാദ് ഗിന്നസ് ബുക്കില്‍ ഇടംനേടി. ഞായറാഴ്ച പള്ളിക്കത്തോട് അരവിന്ദ് വിദ്യാമന്ദിരം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട സദസിനെ സാക്ഷിയാക്കിയാണ് ലത  ഈ ‘തലതിരിഞ്ഞ’ പ്രകടനം കാഴ്ചവച്ചത്.

ഒരു മിനിറ്റ് 15 സെക്കന്‍ഡിനുള്ളില്‍ തന്നോടു ചോദിച്ച 55 ഇംഗ്ലീഷ് വാക്കുകളുടെ സ്‌പെല്ലിംഗാണ് ഇവര്‍ തിരിച്ചുപറഞ്ഞത്. നിലവിലുള്ള ഗിന്നസ് റിക്കാര്‍ഡ് ഒരു മിനിറ്റ് 23 സെക്കന്‍ഡില്‍ 50 ഇംഗ്ലീഷ് വാക്കുകള്‍ തിരിച്ചുപറഞ്ഞ് ഹിമാചല്‍പ്രദേശ് സ്വദേശിയായ ശിശിര്‍ അധ്വായുടെ (2013)പേരിലുള്ളതാണ്. അതിനു മുമ്പ് ഈ റിക്കാര്‍ഡ് മൂവാറ്റുപുഴ സ്വദേശി ജോപ്പറ്റാസിനു സ്വന്തമായിരുന്നു.

ഐഎസ്ഒ സര്‍ട്ടിഫിക്കറ്റുള്ള യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറത്തിന്റെ (യുആര്‍എഫ്) ചീഫ് എഡിറ്ററും ഗിന്നസ് ജേതാവുമായ ഡോ. സുനില്‍ ജോസഫിന്റെ സാന്നിധ്യത്തിലായിരുന്നു ഞായറാഴ്ചത്തെ റിക്കാര്‍ഡ് പരിശ്രമം. ഗിന്നസ് റിക്കാര്‍ഡിന്റെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടായിരുന്നു പരിപാടി.

ആറു മുതല്‍ എട്ടുവരെ അക്ഷരങ്ങളുള്ള വാക്കുകളാണ് റിക്കാര്‍ഡ് പ്രകടനത്തില്‍ ഇവര്‍ തിരിച്ചു പറഞ്ഞത്. ഇംഗ്ലീഷിനു പുറമേ മറ്റു മൂന്നു ഭാഷകളിലെയും വാക്കുകള്‍ തിരിച്ചുപറയുന്നതിലും ഇവര്‍ പ്രവീണയാണ്. റിക്കാര്‍ഡ് പ്രകടനം കാഴ്ചവച്ച ലതാ പ്രസാദിന് അവരുടെ ഗുരു കൂടിയായ പ്രഫ. സി.എന്‍. പുരുഷോത്തമന്‍ നമ്പൂതിരി യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറത്തിന്റെ ശില്പവും പ്രശസ്തിപത്രവും സമ്മാനിച്ചു.പിന്നീട് സദസ്യര്‍ പറഞ്ഞ പല ഭാഷകളിലുള്ള വാക്കുകളും തിരിച്ചു പറഞ്ഞ് ഇവര്‍ കൈയടി നേടി.

കോതമംഗലം സെന്റ് അഗ്മിനാസ് കോളജ് അധ്യാപികയായിരുന്ന ലത, ഇപ്പോള്‍ സാംസ്‌കാരികആധ്യാത്മിക പ്രഭാഷണരംഗത്തു സജീവമാണ്. പൊന്‍കുന്നം കളരിക്കല്‍ കെ.എന്‍. രാജേന്ദ്രപ്രസാദിന്റെ ഭാര്യയാണ് ലത. മകന്‍ അരവിന്ദ്.

Related posts