നെയ്യാറ്റിന്‍കര : റിക്കാര്‍ഡുകളുടെ തോഴിമാരായി എല്‍കെജിക്കാരി എ.എസ്. ശ്രേഷ്ഠയും ഒന്നാം ക്ലാസ്സുകാരി എ.എസ്. ശിഖയും.
ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, ഇന്ത്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, കലാംസ് വേള്‍ഡ് റിക്കാര്‍ഡ്സ് എന്നീ മൂന്ന് ബഹുമതി പട്ടികകളിലും ഈ സഹോദരിമാർ ഇടം നേടി.
കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കടല്ച്ചിപ്പികളെ തിരിച്ചറിയുകയും അവയുടെ ശാസ്ത്രീയ നാമം പറയുകയും ചെയ്തതിലൂടെയാണ് ശ്രേഷ്ഠ റിക്കാര്‍ഡ് ജേതാവായത്. 41 സെക്കന്‍ഡിനുള്ളില്‍ 42 ഇനങ്ങളെ ചിത്രങ്ങളിലൂടെ ശ്രേഷ്ഠ തിരിച്ചറിഞ്ഞു.
22 വാഹനങ്ങള്‍, 21 ആകൃതികള്‍, 30 നിറങ്ങള്‍, 26 പുഷ്പങ്ങള്‍, 41 പക്ഷികള്‍, 30 മൃഗങ്ങള്‍, 28 ഷഡ്പദങ്ങള്‍, 40 ഫലങ്ങള്‍, 36 പച്ചക്കറികള്‍ എന്നിവ വേഗത്തില്‍ പറഞ്ഞ മികവും ശ്രേഷ്ഠയ്ക്ക് സ്വന്തം.
മാസങ്ങളും ആഴ്ചയിലെ ദിവസങ്ങളും ഗ്രഹങ്ങളും സമുദ്രങ്ങളും ഭൂഖണ്ഡങ്ങളുമൊക്കെ ഈ മിടുക്കിക്ക് ഹൃദിസ്ഥം. ഇതോടൊപ്പം 32 എതിര്പദങ്ങള് പറഞ്ഞതും 36 പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയതും റെക്കോര്‍ഡ് നേട്ടം ഉറപ്പിച്ചു.
കേരളത്തിലെ 44 നദികളുടെയും പേര് 19 സെക്കന്‍ഡിനുള്ളില്‍ പറഞ്ഞപ്പോഴാണ് ശിഖയ്ക്ക് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സ് ലഭിച്ചത്.
100 ഇന്ത്യൻ എഴുത്തുകാരുടെയും അന്താരാഷ്ട്ര സാഹിത്യകാരന്മാരുടെയും പേരുകളും കൃതികളും പറയാന്‍ ശിഖയ്ക്ക് വേണ്ടിവന്നത് കേവലം രണ്ട് മിനിറ്റ് 29 സെക്കന്‍ഡ്.
മൂന്ന് മിനിറ്റ് 35 സെക്കന്‍ഡിനകം 100 പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്ക് ശിഖ ഉത്തരം നല്കി. ഇരുവരുടെയും സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും മെഡലുകളും കൊറിയര്‍ മാര്‍ഗം കഴിഞ്ഞ ദിവസം വീട്ടിലെത്തി.
കവടിയാര്‍ കാര്‍ത്തികയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ എഫ്.ജെ. അഭിലാഷിന്റെയും പി. ശ്രുതിയുടെയും മക്കളാണ് ശ്രേഷ്ഠയും ശിഖയും.
നന്ദന്‍കോട് ഹോളി ഏഞ്ചല്‍സ് സ്കൂളിലെ വിദ്യാര്‍ഥിനികളാണ് ഇരുവരും. ശിഖ സ്കേറ്റിംഗില്‍ അണ്ടര്‍ ഫൈവ് വിഭാഗത്തില്‍ ചാന്പ്യന് കൂടിയാണ്.