ദുബായ്: ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തു തുടരുന്ന ഇന്ത്യയുടെ ജസ്പ്രീത് ബുംറ റിക്കാർഡ് നേട്ടത്തിൽ.
ബൗളിംഗ് റാങ്കിംഗിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് പോയിന്റ് നേടുന്ന ഇന്ത്യക്കാരൻ എന്ന റിക്കാർഡാണ് ബുംറ സ്വന്തമാക്കിയത്. ഇന്ത്യൻ മുൻതാരം ആർ. അശ്വിന്റെ പേരിലുണ്ടായിരുന്ന 904 റേറ്റിംഗ് പോയിന്റ് എന്ന റിക്കാർഡ് ബുംറ മറികടന്നു.
ബുംറയുടെ റേറ്റിംഗ് 907 ആണ്. രണ്ടാം സ്ഥാനത്തുള്ള ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡിനേക്കാൾ (843) 64 റേറ്റിംഗ് പോയിന്റ് മുന്നിലാണ് ബുംറ.
ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് (837) മൂന്നാം സ്ഥാനത്ത്. ആദ്യ പത്ത് റാങ്കിലുള്ള ഏക ഇന്ത്യൻ ബൗളറാണ് ബുംറ. ഓസ്ട്രേലിയയ്ക്കെതിരായ പരന്പരയിൽ ഇതുവരെ 30 വിക്കറ്റ് ബുംറ നേടി.
ജയ്സ്വാൾ നാലിൽ
ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ യശസ്വി ജയ്സ്വാൾ നാലാം സ്ഥാനത്തുണ്ട്. ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ ബാറ്ററാണ് ജയ്സ്വാൾ. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ഹാരി ബ്രൂക്ക്, ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസണ് എന്നിവരാണ് യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ 40-ാമതും വിരാട് കോഹ്ലി 24-ാമതുമാണ്.