ഈ വര്‍ഷം കേരളത്തില്‍ പെയ്തത് റിക്കാര്‍ഡ് മഴ! ആലപ്പുഴയിലൊഴികെ മറ്റെല്ലായിടത്തും വേനല്‍മഴ കാത്തു, കൃഷിക്കാര്‍ക്ക് ഒരേസമയം സന്തോഷവും സങ്കടവും, മഴക്കണക്ക് ഇങ്ങനെ

തിമിര്‍ത്തു പെയ്ത് കേരളത്തെ കിടുകിടാ വിറപ്പിച്ച വേനല്‍മഴ സമീപവര്‍ഷങ്ങളിലെ മഴക്കണക്കുകളെ പിന്നിലാക്കി മുന്നേറിയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍. മാര്‍ച്ച് ഒന്നു മുതല്‍ മേയ് 30 വരെ നീളുന്ന വേനല്‍മഴക്കാലത്ത് ഇക്കുറി കേരളത്തിനു കിട്ടിയത് റിക്കാര്‍ഡ് മഴയാണ്. കഴിഞ്ഞ വര്‍ഷം ഏഴു ശതമാനം മഴക്കുറവുമായി വലഞ്ഞ കേരളത്തിന് ഈ വര്‍ഷം കിട്ടിയത് 40 ശതമാനം അധിക വേനല്‍ മഴയാണ്. കാലവര്‍ഷം കൂടി കനിഞ്ഞാല്‍ കൃഷിക്കു മികച്ച കാലമാണിതെന്ന് കാര്‍ഷികരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കരനെല്‍കൃഷി വ്യാപനത്തിന് അനുകൂലമായ സമയമാണിത്. സര്‍ക്കാരും കര നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നതിനാല്‍ കര്‍ഷകര്‍ക്ക് ഇതു പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയും. എന്നാല്‍, റബര്‍ കര്‍ഷകര്‍ക്ക് ഇതു വെല്ലുവിളി നിറഞ്ഞ കാലമാണ്. മരങ്ങള്‍ക്കു രോഗബാധയുണ്ടാകാന്‍ ഇക്കാലയളവില്‍ സാധ്യതയേറെയാണെന്നും അതിനാല്‍ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനു സര്‍ക്കാര്‍ തലത്തില്‍ തന്നെ നടപടികളുണ്ടാകേണ്ടതുണ്ടെന്നും കൃഷി ശാസ്ത്രജ്ഞര്‍ വിലയിരുത്തി.

370.2 മില്ലിമീറ്റര്‍ പെയ്യേണ്ട സ്ഥാനത്താണ് ഇക്കാലയളവില്‍ 518.6 മില്ലിമീറ്റര്‍ മഴ കേരളത്തില്‍ പെയ്തിറങ്ങിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇത്രയും വലിയ അളവില്‍ സംസ്ഥാനത്തിനു വേനല്‍മഴ ലഭിച്ചത് ഇക്കുറി മാത്രമാണ്. ഈ സീസണില്‍ ആലപ്പുഴ ജില്ലയിലൊഴികെ മറ്റെല്ലായിടത്തും രേഖപ്പെടുത്തിയത് മികച്ച മഴയാണ്.

മഴക്കണക്കുകള്‍ (മില്ലിമീറ്ററില്‍) ജില്ല തിരിച്ച് ചുവടെ

(ജില്ല- ഇക്കുറി പെയ്ത മഴ, പെയ്യേണ്ടിയിരുന്ന മഴ ബ്രാക്കറ്റില്‍ എന്ന ക്രമത്തില്‍)
ആലപ്പുഴ 446.5 (463.5), കണ്ണൂര്‍ 435.9 (291.4), എറണാകുളം 564.6 (429.3), ഇടുക്കി 539.1(417.3), കാസര്‍ഗോഡ് 438.6 (262.4), കൊല്ലം 480.3(458.8), കോട്ടയം 685 (445.2), കോഴിക്കോട് 677 (342.3), മലപ്പുറം 531.3 (312.6), പാലക്കാട് 471.3 (275.3), പത്തനംതിട്ട 759.4 (543.9), തിരുവനന്തപുരം 365 (359.9), തൃശൂര്‍ 403.6(374.5), വയനാട്-450.6(268.2).

കഴിഞ്ഞ വര്‍ഷത്തെ വേനല്‍മഴ കണക്ക്: ജില്ല, പെയ്ത മഴ (മില്ലിമീറ്ററില്‍) എന്ന ക്രമത്തില്‍.
ആലപ്പുഴ 417.3, കണ്ണൂര്‍ 235.5, എറണാകുളം 435.3, ഇടുക്കി 403.3, കാസര്‍ഗോഡ് 87.3, കൊല്ലം 642.2, കോട്ടയം 502.4, കോഴിക്കോട് 341.1, മലപ്പുറം 180.1, പാലക്കാട് 250.9, പത്തനംതിട്ട 674.6, തിരുവനന്തപുരം 367.6, തൃശൂര്‍ 233.9, വയനാട് 293.4.

കഴിഞ്ഞ വര്‍ഷം മണ്‍സൂണില്‍ ഒന്‍പത് ശതമാനം മഴക്കുറവാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ നീളുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് കേരളത്തില്‍ പെയ്യേണ്ടത് 2039.7 മില്ലിമീറ്റര്‍ മഴയാണ്. കഴിഞ്ഞ വര്‍ഷം ലഭിച്ചത് 1855.9 മില്ലിമീറ്റര്‍ മാത്രമാണ്.

Related posts