ഹരാരെ: രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്കോർ എന്ന റിക്കാർഡ് കുറിച്ച് സിംബാബ്വെ. ഐസിസി ട്വന്റി-20 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗാംബിയയ്ക്കെതിരേ 20 ഓവറിൽ സിംബാബ്വെ 344/4 എന്ന സ്കോർ പടുത്തുയർത്തി.
2023ൽ മംഗോളിയയ്ക്കെതിരേ നേപ്പാൾ കുറിച്ച 314/3 എന്ന റിക്കാർഡ് ഇതോടെ പഴങ്കഥയായി. എന്നാൽ, ഫുൾ മെംബർ ടീമുകളിലെ ഏറ്റവും ഉയർന്ന സ്കോർ ബംഗ്ലാദേശിനെതിരേ 2024 ലോകകപ്പിൽ ഇന്ത്യ നേടിയ 297/6 ആണ്.
43 പന്തിൽ 133 റണ്‍സുമായി പുറത്താകാതെ നിന്ന സിക്കന്തർ റാസ, 19 പന്തിൽ 62 റണ്‍സ് നേടിയ തടിവാനശേ മരുമണി, 17 പന്തിൽ 53 റണ്‍സുമായി പുറത്താകാതെ നിന്ന ക്ലൈവ് മദാൻഡെ എന്നിവരുടെ കടന്നാക്രമണമാണ് സിംബാബ്വെയെ ലോക റിക്കാർഡിൽ എത്തിച്ചത്.
മറുപടിക്കിറങ്ങിയ ഗാംബിയ 14.4 ഓവറിൽ 54 റണ്‍സിനു പുറത്തായി, സിംബാബ്വെയ്ക്ക് 290 റണ്‍സിന്റെ കൂറ്റൻ ജയം. രാജ്യാന്തര ട്വന്റി-20യിൽ ഏറ്റവും വലിയ റണ്‍ വ്യത്യാസത്തിലുള്ള ജയം എന്ന റിക്കാർഡും ഇതോടെ സിംബാബ്വെ സ്വന്തമാക്കി.