ഏറ്റവും കൂടുതൽ സമയം ഗാനം ആലപിച്ച് ഗിന്നസ് റിക്കാർഡ് സ്വന്തമാക്കുവാൻ ശ്രമിച്ചയാളെ ഗിന്നസ് അധികൃതർ നിരാശനാക്കി. ഡൊമിനിക്കൻ ഗായകനായ കാർലോസ് സിൽവെർ എന്നയാളാണ് 106 മണിക്കൂർ തുടർച്ചയായി ഗാനം ആലപിച്ച് ഗിന്നസ് റിക്കാർഡ് സ്വന്തമാക്കുവാൻ ശ്രമിച്ചത്. എന്നാൽ ഗിന്നസ് അധികൃതർ ഇദ്ദേഹത്തെ അയോഗ്യനാക്കുകയായിരുന്നു.
നിലവിൽ ഈ റിക്കാർഡ് ഇന്ത്യക്കാരനായ സുനിൽ എന്നയാളുടെ പേരിലാണ്. 2012ൽ 105 മണിക്കൂർ തുടർച്ചയായി ഗാനം ആലപിച്ചാണ് സുനിൽ ഈ റിക്കാർഡ് സ്വന്തം പേരിൽ എഴുതി ചേർത്തത്. സുനിൽ പാടിയതിലും ഒരു മണിക്കൂർ കൂടുതൽ സമയം കാർലോസ് പാടിയിരുന്നുവെങ്കിലും അദ്ദേഹത്തെ ഭാഗ്യം തുണച്ചില്ല.
കാരണം, പാട്ട് പാടുന്നതിനിടെ അനുവദനീയമായതിലൂം കൂടുതൽ സമയം കാർലോസ് വിശ്രമിച്ചുവെന്നാണ് ഗിന്നസ് അധികൃതർ പറയുന്നത്. നിയമമനുസരിച്ച് വിശ്രമത്തിനായി 30 സെക്കൻഡാണ് അനുവദിച്ചിട്ടുള്ളതെന്നും എന്നാൽ കാർലോസ് രണ്ട് മിനിട്ടുവരെയാണ് വിശ്രമത്തിനായി സമയം ചെലവഴിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
എന്റെ കഴിവ് തെളിയിക്കുവാൻ ഗിന്നസിന്റെ സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നാണ് കാർലോസിന്റെ ഇപ്പോഴത്തെ നിലപാട്. മാത്രമല്ല ഗിന്നസ് അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കുവാൻ ഒരുങ്ങുകയാണ് കാർലോസ്. 29,630 ഡോളർ ചെലവഴിച്ചാണ് താൻ ഗിന്നസ് അധികൃതരെ ഇവിടെ കൊണ്ടുവന്നതെന്നും കാർലോസ് ആരോപിക്കുന്നു.
ഇത്തരത്തിൽ പാട്ട് പാടി ഗിന്നസ് റിക്കാർഡ് സ്വന്തമാക്കുവാൻ 2016ൽ ശ്രമിച്ചയാളാണ് കാർലോസ്. എന്നാൽ പരാജയമായിരുന്നു ഫലം.