അബുദാബി: സിബിഎസ്ഇ സ്കൂളുകളിൽ തൊഴില്‍ വാഗ്ദാനം ചെയ്യുന്ന വ്യാജ ഓൺലൈൻ റിക്രൂട്ട്മെന്റിനെതിരേ കരുതിയിരിക്കണമെന്ന് യുഎഇയിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. അബുദാബിയിലെ സ്കൂളുകളുടെ പേരില്‍ വ്യാജ ജോലി ഓഫറുകള്‍ അയക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എംബസിയുടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തട്ടിപ്പുകാർ സ്കൂളുകളുടെ ഔദ്യോഗിക വെബ്സൈറ്റിന് സമാനമായി മറ്റൊരു വെബ്സൈറ്റ് തയാറാക്കുകയും പേപ്പർ വർക്കുകൾക്കും വീസയ്ക്കുമായി ഉദ്യോഗാർഥികളിൽനിന്ന് പണം തേടി ആളുകളെ വഞ്ചിക്കുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നും എംബസി അറിയിച്ചു.
ഇത്തരം തട്ടിപ്പുകാരെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഡ്യൂണസ് ഇന്റർനാഷണൽ സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ പരംജിത് അലുവാലിയയും അഭ്യർഥിച്ചു. ആധ്വാനിച്ച് ഉണ്ടാക്കിയ പണം ആരും ഇത്തരം തട്ടിപ്പുകളിൽ വീണ് നഷ്ടപ്പെടുത്തരുത്. ഓരോ റിക്രൂട്ടീംഗ് ഏജൻസികളുടെയും എല്ലാ വിശദാംശങ്ങളും ആധികാരികതയും അപേക്ഷകർ വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.