ഷൊർണൂർ: കനത്തമഴയും പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നതു തുടർന്നാൽ മലബാർ മേഖലയിൽ റെയിൽവേ റെഡ് അലർട്ട് പ്രഖ്യാപിക്കുമെന്ന് സൂചന. ഇപ്പോൾ അതീവ ജാഗ്രതാനിർദേശമാണ് റെയിൽവേ നല്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി റെയിൽപാളങ്ങളിൽ ശക്തമായ നിരീക്ഷണമാണ് അധികൃതർ നടത്തുന്നത്.
കഴിഞ്ഞദിവസം പാലക്കാട്ട് റെയിൽവേ പാളത്തിലേക്ക് വെള്ളം കയറിയിരുന്നു. റെയിൽപാളത്തിൽ മണ്ണിടിച്ചിൽ, വൻമരങ്ങൾ കടപുഴകി വീഴൽ, റെയിൽപാളങ്ങൾ ഒലിച്ചുപോകൽ എന്നിവയ്ക്കുള്ള സാധ്യത ഏറെയാണ്. മലബാർ മേഖലയിൽ റെയിൽപാളങ്ങളിലും സ്റ്റേഷനുകളിലും റെയിൽവേ നിരീക്ഷണം നടത്തിവരികയാണ്. രാ്പ്പകൽ വ്യത്യാസമില്ലാതെ ഇവർ റെയിൽപാളത്തിൽ സുരക്ഷാ പരിശോധന നടത്തുന്നു.
പാലക്കാടുമുതൽ മലപ്പുറംവരെ ഭാരതപ്പുഴയുടെ വൃഷ്ടിപ്രദേശത്തു കൂടിയാണ് റെയിൽപാത മലബാർ മേഖലയിൽ കടന്നുപോകുന്നത്. ഇതോടൊപ്പം നെൽവയലുകളോടു ചേർന്നും റെയിൽപാളങ്ങൾ കടന്നുപോകുന്നു. പാടങ്ങളിൽ വെള്ളംപൊന്താനും ഇത് റെയിൽപാളത്തിലേക്ക് എത്താനും സാധ്യത ഏറെയാണ്.
ഒറ്റപ്പാലം, ഷൊർണൂർ, പട്ടാന്പി, തിരുനാവായ തുടങ്ങിയ റെയിൽവേ സ്റ്റേഷനുകൾ പുഴയോടു ചേർന്നാണ് പ്രവർത്തിക്കുന്നത്. കാലവർഷം മാറ്റമില്ലാതെ തുടരുന്നപക്ഷം സുരക്ഷ മുൻനിർത്തിയാണ് റെയിൽവേ റെഡ് അലർട്ട് പ്രഖ്യാപിക്കുക.