സംസ്ഥാനത്ത് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുന്നു. മഴ കനത്തതോടെ എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പ്. ശക്തമായ മഴയെത്തുടര്‍ന്ന് എറണാകുളം കളമശേരിയില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. എം.സി റോഡില്‍ വെള്ളം കയറി ഏനാത്ത് ഉള്‍പ്പെടെ പലയിടത്തും ഗതാഗതം തിരിച്ചുവിട്ടു.
ബംഗാള്‍ ഉള്‍ക്കലില്‍ ന്യൂനമര്‍ദ്ദവും അറബിക്കടലില്‍ ചക്രവാത ചുഴിയും തുടരുന്നതിനാല്‍ കനത്ത മഴയാണ് കേരളത്തില്‍ പ്രതീക്ഷിക്കുന്നത്. എറണാകുളം ഇടുക്കി തൃശ്ശൂര്‍ ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശമാണ്.
കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ്. തിരുവനന്തപുരം ഉദയ9കുളങ്ങര സ്വദേശി തങ്കരാജ് കളമശ്ശേരിയില്‍ മരിച്ചത്. ആലുവ നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമായി. സമാന്തര റോഡുകളിലു0സ്വകാര്യ ബസ് സ്റ്റാന്‍ഡിലും കടകളിലും വെള്ളം കയറി.
കൊല്ലം പത്തനംതിട്ട ജില്ലകളില്‍ മഴ തുടരുന്നു. പത്തനംതിട്ട കൊക്കാത്തോടും ആവണിപ്പാറ ഗിരിജന്‍ കോളനിയും ഒറ്റപ്പെട്ടു. ഇന്നലെ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ തിരുവനന്തപുരത്ത് ഇന്ന് ഇടവിട്ട് മഴപെയ്യുകയാണ്.
തുടര്‍ച്ചയായി മഴയില്‍ എം.സി.റോഡില്‍ വാളകം, ഏനാത്ത്, വയയ്ക്കല്‍ ഭാഗങ്ങളില്‍ വെള്ളംകയറി. ആറ്റുവാശ്ശേരി ഞാങ്കടവ് റോഡിലും ഗതാഗതം തടസ്സപ്പെട്ടു.
പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ വകയാറില്‍ ഗതാഗത തടസമുണ്ടായി. കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു. കൊല്ലം, ആലപ്പുഴ, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് നിലവിലുള്ളത്.