ഇസ്ലാമാബാദ്: ചെലവു ചുരുക്കലിന്റെ ഭാഗമായി സർക്കാർ പരിപാടികളിൽ റെഡ് കാർപറ്റ് നിരോധിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പ്ര ധാനമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചുവന്ന പരവതാനിക്കു നിരോധനം ഏർപ്പെടുത്തിയതായി കാബിനറ്റ് ഡിവിഷൻ അറിയിച്ചു.
ഭാവിയിൽ ഔദ്യോഗിക പരിപാടികളിൽ ഫെഡറൽ മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും ചുവന്ന പരവതാനി ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രി നിർദേശിച്ചതായി ദി എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. നയതന്ത്ര സ്വീകരണങ്ങളിൽ മാത്രമേ റെഡ് കാർപെറ്റ് ഉപയോഗിക്കൂവെന്നാണ് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നത്.
ചെലവുചുരുക്കൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി അടുത്തിടെ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും ഫെഡറൽ കാബിനറ്റ് അം ഗങ്ങളും തങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും സ്വമേധയാ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു.
ചെലവുചുരുക്കൽ നടപടികൾക്കാണ് സർക്കാർ മുൻഗണന നൽകുകയെന്ന് പ്രധാനമന്ത്രി ഷഹ്ബാസ് കഴിഞ്ഞ മാസം വ്യക്തമാക്കുകയും ചെയ്തിരുന്നു. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളികൾ കണക്കിലെടുത്ത് ശമ്പളവും ആനുകൂല്യങ്ങളും വാങ്ങില്ലെന്നു പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി നേരത്തേ തീരുമാനിച്ചിരുന്നു.