കോഴിക്കോട്: കഴിഞ്ഞ ദിവസം ആരംഭിച്ച പ്ലസ് വൺ പരീക്ഷയുടെ ചോദ്യപ്പേപ്പറിൽ ചുവപ്പ് മഷി ഉപയോഗിച്ച് ചോദ്യങ്ങൾ അച്ചടിച്ച സംഭവത്തിൽ സിപിഎമ്മിനെയും ഇടതുപക്ഷ യുവജന, വിദ്യാർഥി സംഘടനകളെയും പരിഹസിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്.
ചുവപ്പ് ആയതുകൊണ്ടു കുഴപ്പമില്ലെന്നും പച്ചനിറം ആയിരുന്നെങ്കിൽ താൻ രാജിവയ്ക്കേണ്ടി വന്നേനെയെന്നും അബ്ദുറബ്ബ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
യുഡിഎഫ് ഭരണകാലത്ത് ചോദ്യ പേപ്പറിന്റെ അവസാന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാൽ അഞ്ചാറ് കെഎസ്ആർടിസി ബസെങ്കിലും എറിഞ്ഞു തകർക്കുമായിരുന്നു.
മന്ത്രി പ്രസംഗിക്കുന്ന വേദികളിലടക്കം ചാക്യാർകൂത്ത് നടത്തുമായിരുന്നു. അബ്ദുറബ്ബ് പരിഹസിച്ചു. കൃത്യമായി ഇടതു യുവജന, വിദ്യാർഥി പ്രസ്ഥാനങ്ങളെ ലക്ഷ്യം വച്ചുള്ള പോസ്റ്റിന് നിരവധി അനുകൂല പ്രതികൂല കമന്റുകളാണ് ലഭിക്കുന്നത്.
യുഡിഎഫ് കാലത്ത് ചോദ്യ പേപ്പറിൽ അവസാന ഭാഗത്ത് ചന്ദ്രക്കല അച്ചടിച്ചു വന്നതും അധ്യാപികമാർ പച്ച ബ്ലൗസ് ധരിക്കണമെന്ന തരത്തിൽ നിർദേശം നൽകിയതെല്ലാം വലിയ വിവാദമായിരുന്നു.
ഇതിനെതിരേ ഇടത് യുവജന, വിദ്യാർഥി പ്രസ്ഥാനങ്ങൾ വലിയ സമരങ്ങൾ വരെ നടത്തി. മന്ത്രി പ്രസംഗിക്കുന്ന കലോത്സവവേദിയിലും പ്രതിഷേധം നടന്നിരുന്നു.
അതേസമയം അബ്ദുറബ്ബിന്റെ പോസ്റ്റിനെ എതിർത്ത് താങ്കൾ ഇപ്പോഴും വിദ്യാഭ്യാസ മന്ത്രി ആണെന്ന ധാരണയിലാണോ സംസാരിക്കുന്നതെന്നു ചിലർ കമന്റിട്ടു.
യുഡിഎഫ് ഭരണകാലത്ത് പരീക്ഷാ കാലത്തുപോലും നൽകാതിരുന്ന പാഠപുസ്തകങ്ങളാണ് അടുത്ത അധ്യയന വർഷത്തിന് മുന്പുതന്നെ ഇടതു സർക്കാർ വിതരണത്തിന് തയാറാക്കിയിരിക്കുന്നതെന്നും കമന്റുകളിലുണ്ട്.
പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ചു നടക്കുന്നതിനാൽ മാറിപ്പോകാതിരിക്കാനാണു പ്ലസ് വൺ ചോദ്യപ്പേപ്പർ ചുവപ്പു നിറത്തിൽ അച്ചടിച്ചതെന്നാണു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.