ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഉക്രൈനിലെ ചെര്‍ണോബിലില്‍ സംഭവിച്ചത്.1986 ലാണ് ഇവിടത്തെ 4 നൂക്ലിയര്‍ റിയാക്ടറുളില്‍ ഒന്ന് പൊട്ടിത്തെറിച്ചത്. ഹിരോഷിമയില്‍ അമേരിക്ക വിക്ഷേപിച്ച ആറ്റം ബോബിലും 400 ഇരട്ടിയിലധികം റേഡിയേഷനാണ് ചെര്‍ണോബിലില്‍ ഉണ്ടായത്. കാലക്രമേണ അണുവികിരണത്തിന്റെ അളവു കുറഞ്ഞെങ്കിലും ഇപ്പോഴും അണുവികരണം ബാധിച്ച ചില മേഖലകളിലെങ്കിലും അതിശക്തമായ റേഡിയേഷന് നിലനില്ക്കുന്നു എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെട്ടത്. ലൈറ്റ് ഡിറ്റക്ഷന്‍ റേഞ്ചിങ് എന്ന റഡാര്‍ സംവിധാനമുള്ള ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ചെര്‍ണോബില്‍ മേഖലയെ നിരീക്ഷിച്ചത്. പ്രദേശത്തേക്ക് മൃഗങ്ങളും മറ്റും മടങ്ങിയെത്തിയ സാഹചര്യത്തിലും റേഡിയേഷന് കുറഞ്ഞ പ്രദേശത്തേക്ക് വിനോദ സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങിയതോടെയുമാണ് ചെര്‍ണോബിലിലെ അണുവികരണം വിശദമായി വിലയിരുത്താന്‍ ഗവേഷകര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പുതിയ പഠനം നടത്തിയതും.
ലിഡാര്‍ അഥവാ ലൈറ്റ് ഡിറ്റക്ഷന്‍ റേഞ്ചിങ് ആണവ വികിരണമുള്ള പ്രദേശങ്ങളുടെ 3ഡി മാതൃക രൂപപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ഡ്രോണിലുള്ള ഗാമാ റേ സ്പെക്ടോമീറ്റര് ആണവ വികിരണവും അളക്കും. ഇവ രണ്ടും ഘടിപ്പിച്ച റോട്ടറി വിങ് ഡ്രോണ്‍ ചെര്ബോലിലെ ആണവ വികിരണം നിലനില്‍ക്കുന്ന പ്രദേശങ്ങളോട് വളരെ ചേര്‍ന്നു പറന്നാണ് പ്രദേശത്തെ ആണവ വികിരണത്തെക്കുറിച്ചുള്ള പുതിയ മാപ്പ് തയ്യാറാക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്.
പൊട്ടിത്തെറിച്ച റിയാക്ടറില്‍ നിന്ന് ഏതാണ്ട് 13 കിലോമീറ്റര്‍ അകലെ വച്ചാണ് ഡ്രോണ്‍ നിരീക്ഷണം തുടങ്ങിയത്. ഇവിടെ നിന്ന് അപകടം നടന്ന പ്രദേശത്തിന് അര മൈല്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന റെഡ് ഫോറസ്റ്റ് എന്നു വിളിക്കുന്ന പ്രദേശം വരെ നിരീക്ഷണം തുടര്‍ന്നു. ആണവ അപകടത്തെ തുടര്‍ന്നുണ്ടായ വികിരണമേറ്റ് ഇലകള്‍ ചുവന്നു പോയ മരങ്ങളാണ് ഈ പ്രദേശത്തു മുഴുവന്‍. ഇതോടെയാണ് ഈ വനത്തിന് റെഡ് ഫോറസ്റ്റ് എന്ന പേരു വീണതും.
റെഡ്ഫോറസ്റ്റില് ഇപ്പോഴും ഉയര്‍ന്ന തോതിലുള്ള വികിരണം ഉണ്ടാകുന്ന മേഖലകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.മണിക്കൂറില്‍ 1.2 മില്ലി സിവേര്‍ട്സ് എന്നയളവില്‍ വരെ റേഡിയേഷന് ഉണ്ടാകുന്ന മേഖലകള്‍ റെഡ് ഫോറസ്റ്റില്‍ കണ്ടെത്തി. ഏതാനും മണിക്കൂറുകള്‍ ഇവിടെ നിന്നാല്‍ മനുഷ്യന് മരണപ്പെട്ടുപോകുന്ന തീവ്രതയിലുള്ള വികിരണ സാന്നിദ്ധ്യമാണിത്.
അപകടം നടന്ന സമയത്ത് ചോര്‍ന്ന അണു ഇന്ധനം വീണ മണ്ണും മറ്റും ഇട്ടിരിക്കുന്ന ഗോഡൗണുകളാണ് ഇതില്‍ പലതും. ഇവയില്‍ ഈ ശക്തിയുള്ള റേഡിയേഷന് ഇനിയും ദശാബ്ദങ്ങള്‍ നീണ്ടു നില്‍ക്കുമെന്നാണ് കരുതുന്നത്. ചരിത്രത്തിലെ മനുഷ്യ നിര്‍മിത അപകടങ്ങളില്‍ മുന്നില്‍ നില്ക്കുന്ന പേരുകളിലൊന്നാണ് ചെര്‍ണോബില്‍ ആണവ ദുരന്തം. 1986 ല്‍ അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ചെര്‍ണോബിലിലെ ആണവനിലയത്തില്‍ നിന്ന് ശക്തമായ ചോര്‍ച്ചയുണ്ടാവുകയായിരുന്നു. കടുത്ത അണുപ്രസരണത്തെ തുടര്‍ന്ന് അവിടം വാസയോഗ്യമല്ലാതായി തീരുകയുമായിരുന്നു. തുടര്‍ന്ന് അവിടുത്തെ ആളുകള്‍ക്ക് കൂട്ടത്തോടെ ഒഴിഞ്ഞു പോകേണ്ടി വന്നു. 31 പേരാണ് അന്ന് വികിരണമേറ്റ് മരണമടഞ്ഞത്. എന്നാല്‍ അണുപ്രസരണമേറ്റതിന്റെ ദുരിതമനുഭവിക്കുന്നവര്‍ നിരവധിയാണ്.