ഇടുക്കി: അണക്കെട്ടിൽ വീണ്ടും ജലനിരപ്പുയർന്നതോടെ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിനു മുന്നോടിയായാണ് എമർജൻസി പ്ലാനിംഗ് മാനേജർ മുന്നാം ഘട്ട മുന്നറിയിപ്പായി ഇന്നു രാവിലെ 7.30 മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
മഴ ശക്തമാകുകയും ജലനിരപ്പ് ഉയരുകയും ചെയ്താൽ ഡാം തുറക്കാനാണ് ആലോചന. നിലവിൽ 2382.50 അടിയാണ് ഡാമിലെ ജലനിരപ്പ്.
ആകെ സംഭരണ ശേഷിയുടെ 82.89 ശതമാനമാണ് നിലവിലെ ജലനിരപ്പ്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെങ്കിലും ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 138.10 അടിയായി ജലനിരപ്പ് ഉയർന്നു. പത്തു ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കി വിടുന്നുണ്ട്. സെക്കൻഡിൽ 2122 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.