കണ്ണൂർ: വിദേശത്തുനിന്ന് തിരികെ നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുന്നവരും നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവരും കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയാൽ ഇനി മുതൽ പോലീസ് റെഡ് കാർഡ് കാണിച്ച് അകത്താക്കും.
ഇതിനായി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ജില്ലാ പോലീസ് മേധാവി നിർദേശം നല്കി. ജില്ലാ പോലീസ് മേധാവി പ്രത്യേകമായ ചുവപ്പ് നോട്ടീസ് എല്ലാ പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചു കൊടുത്തു.
അതാത് പോലീസ് സ്റ്റേഷൻ പരിധിയിൽ നിരീക്ഷണത്തിലുള്ള ആളുകളുടെ പേര്, വിലാസം, ക്വാറന്റൈൻ കാലാവധി എന്നിവ പൂരിപ്പിച്ച് നിരീക്ഷണത്തിലുള്ള ആളുകളുടെ വീടിന് സമീപമുള്ള വാർഡ് മെന്പർമാർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവർക്ക് കൈമാറും.
നിരീക്ഷണത്തിൽ കഴിയാതെ കറങ്ങി നടന്നാൽ ഇവർ ഉടൻ വിവരം പോലീസിനെ അറിയിക്കുകയും പോലീസെത്തി നടപടി കൈക്കൊള്ളുകയും ചെയ്യും. അന്യസംസ്ഥാനങ്ങളിൽ നിന്നോ വിദേശത്ത് നിന്നോ വന്നവരിൽ നിന്ന് കോവിഡ്-19 ന്റെ സാമൂഹ്യവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് ഈയൊരു രീതിയുമായി മുന്നോട്ടു പോകുന്നത്.
നിങ്ങളുടെ പരിസരത്തെ ഒരു വ്യക്തി നിരീക്ഷണത്തിൽ കഴിയുകയാണെന്നും അയാൾ സർക്കാരിന്റെ ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റെയും നിർദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി കറങ്ങി നടക്കുകയാണെങ്കിൽ പോലീസിനെ അറിയിക്കുന്നതിനാണ് മൊബൈൽ നന്പർ അടക്കമുള്ള ചുവപ്പ് കാർഡ് തയാറാക്കിയിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു.