ഓരോ സ്ത്രീയും ഗര്‍ഭകാലം ആഘോഷമാക്കണം എന്നു പറഞ്ഞുകൊണ്ടു തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച താരമാണ് തെന്നിന്ത്യയുടെ സ്വന്തം സമീറ റെഡ്ഡി. തന്റെ ചിത്രങ്ങളിലൂടെ മറ്റുള്ളവര്‍ക്കു പ്രചോദനമാകുക എന്നതാണ് സമീറയുടെ ലക്ഷ്യം. ഇംപെര്റക്ടിലി പെര്‍ഫക്ട് എന്ന ഹാഷ് ടാഗോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്.
ഇപ്പോഴിതാ ഇംപെര്ഫക്ടിലി പെര്ഫക്ടില് താരം പുതുതായി പങ്കുവച്ച ചിത്രവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഇത് ആരാണെന്നു പറയാമോ എന്നു ചോദിച്ചുകൊണ്ടാണ് സമീറ തന്റെ പതിമൂന്നാം വയസിലെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്ലാസിലെ ഏറ്റവും ഉയരം കൂടിയതും കാണാന്‍ ഒട്ടുംതന്നെ ഭംഗിയില്ലാത്തതുമായ കുട്ടി എന്നും സമീറ ചിത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
‘സ്വയം സ്നേഹിക്കാനും ശരീരബോധത്തെക്കുറിച്ച് നല്ല കാര്യങ്ങള്‍ പറഞ്ഞു തരാനും അന്നെനിക്ക് ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. മറ്റുള്ളവര്‍ എന്നെ അംഗീകരിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതും ഓര്‍ത്താണ് എന്റെ കൗമാരം മുഴുവന്‍ ഞാന്‍ ചെലവഴിച്ചത്’ സമീറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പല നടിമാരും കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ മടിക്കുമ്പോള്‍ ഇത്തരമൊരു ചിത്രം പങ്കു വയ്ക്കാനും ബോഡി ഇമേജിനെക്കുറിച്ച് സംസാരിക്കാനും താരം തയാറായതിനെ അഭിനന്ദിച്ച് നിരവധി പേരാണ് മുന്നോട്ടു വരുന്നത്. മാത്രമല്ല ചിത്രം വൈറലായതോടെ ട്രോളന്മാരും അത് ഏറ്റെടുത്തിട്ടുണ്ട്. അവയില്‍ രസകരമായ ചില ട്രോളുകള്‍ സമീറ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ചേര്‍ത്തിരിക്കുകയാണ്.
രണ്ടാഴ്ച മുന്‍പാണ് സമീറ തന്റെ രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്‍കിയത്. പ്രസവശേഷമുള്ള ദിവസങ്ങളേക്കുറിച്ചും സമീറ പ്രചോദനാത്മകമായ പോസ്റ്റുകള്‍ ഇടാറുണ്ട്. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ കാലിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സമീറ ഇങ്ങനെ കുറിച്ചു ‘ ഇന്നെന്റെ കുഞ്ഞു മകള്‍ക്ക് രണ്ടാഴ്ച തികയുകയാണ്. അമ്മയെപ്പോലെ തന്നെ വലിയ പാദങ്ങളാണ് അവളുടേതും.’