തൃശൂർ… കേരളത്തിന്റെ സാംസ്കാരികതലസ്ഥാനം…പൂരങ്ങൾ പെയ്തിറങ്ങുന്ന മണ്ണ്…മേളങ്ങളും പഞ്ചവാദ്യങ്ങളും സിരകളെ ലഹരിപിടിപ്പിക്കുന്ന നാട്…
കുടമാറ്റക്കാഴ്ചകളുടെ ആവേശം ഉന്മാദമായി മാറുന്ന ഇടം… ഇങ്ങനെ നല്ല വിശേഷണങ്ങൾ പലതുള്ളപ്പോൾ തന്നെ തൃശൂർ ഇരുണ്ട കാഴ്ചകളുടെ കൂടി ഇടമായി മാറുകയാണ്.
പലതരത്തിലുള്ള സൂപ്പർമാർക്കറ്റുകളുടേയും ഹൈപ്പർ മാർക്കറ്റുകളുടേയും നാടാണ് തൃശൂർ. അതുകൊണ്ടു തന്നെ ദക്ഷിണേന്ത്യൻ ഡ്രഗ് മാഫിയക്ക് തൃശൂർ നാർക്കോട്ടിക് ഹൈപ്പർമാർക്കറ്റാണ്.
കള്ളും കഞ്ചാവും മുതൽ ഇന്ന് ലോകത്തിലെ ഏറ്റവും വീര്യം കൂടിയ മയക്കുമരുന്നുവരെ എളുപ്പത്തിൽ കിട്ടാവുന്ന ഇടമായി തൃശൂർ മാറിയിരിക്കുന്നു.
ദിവസവും ജില്ലയുടെ ഏതെങ്കിലുമൊരു ഭാഗത്തു നിന്ന് ഒരു നാർക്കോട്ടിക് കേസെങ്കിലും ഉണ്ടാകുന്നു.
വെറുതെ സിരകളിൽ ലഹരിപിടിപ്പിച്ച് പിന്മാറുകയല്ല ഇവിടെ ഈ മയക്കുമരുന്ന് മാഫിയ ചെയ്യുന്നത്. അതുക്കും മേലെ…അതുക്കും മേലെ എന്തൊക്കെ ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്തേ അവർ ഇരകളെ മോചിപ്പിക്കുകയുള്ളു.
തലചായ്ക്കാനൊരിടം അഥവാ തലവിധി മാറുന്നിടം..
ലഹരി സിരകളിൽ പടർന്നു കയറിത്തുടങ്ങിയപ്പോൾ അഞ്ജലിക്ക് ഒന്നു കിടന്നാൽ മതിയെന്നു തോന്നി.
നഗരത്തിലെ തിരക്കൊഴിഞ്ഞ ഭാഗത്തു വച്ചാണ് സുഹൃത്ത് ആ ക്രിസ്റ്റലുകൾ നാവിൽ വച്ചു തന്നത്. വൈകാതെ ലഹരിയുടെ തീനാളങ്ങൾ ഉള്ളിൽ കത്താൻ തുടങ്ങി.
നിനക്ക് റെസ്റ്റെടുക്കണോ സുഹൃത്ത് അഞ്ജലിയോട് ചോദിച്ചു, അവൾ തലയാട്ടി..
കുറച്ചു നേരം റെസ്റ്റെടുക്കാതെ വീട്ടിൽ പോകാൻ ഈ കണ്ടീഷനിൽ വയ്യടാ….എവിടെയാ ഒന്നിരിക്കുക…
അഞ്ജലി ചോദിച്ചപ്പോൾ അതിനൊക്കെ ഇടമുണ്ട് എന്ന് പറഞ്ഞ് കൂട്ടുകാരൻ അവളെ കാറിലേക്ക് കയറ്റിയിരുത്തി. പിന്നെ നഗരം വിട്ട് പുറത്തേക്ക് കാർ പറന്നു.
അവരെത്തിയത് സാമാന്യം നല്ലൊരു വീട്ടിലേക്കായിരുന്നു. തന്റെ കസിന്റെ വീടാണെന്നും അവരെല്ലാം ഗൾഫിലായതിനാൽ താക്കോൽ തന്റെ കൈയിൽ ആണെന്നും ഇവിടെ ആരും വരില്ലെന്നുമൊക്കെ അഞ്ജലിക്ക് മുന്നിൽ കഥകൾ നിരത്തി അവൻ വാതിൽ തുറന്ന് അവളെ വീടിനകത്തേക്ക് കൊണ്ടുപോയി.
ലഹരിയുടെ തീനാന്പുകൾ ഉൻമാദാവസ്ഥയിലേക്ക് എത്തിച്ച ഒരു പെണ്‍കുട്ടിയും ഒരാണും മാത്രമുള്ള വീട്ടിൽ സംഭവിക്കുന്നതെല്ലാം പിന്നീട് സംഭവിച്ചു.
ആ വീട്ടിലേക്ക് പിന്നീട് രേഷ്മയും ആനിയും ഗായത്രിയും മേരിയുമെല്ലാം ഇങ്ങനെ ലഹരിയുടെ തളർച്ചയിൽ വന്നണഞ്ഞു…
തലചായ്ക്കാനൊരിടം തേടി വന്ന് തലവിധി മാറിയ ഇടമായി അവർക്കവിടം മാറി.
ആ വീടിനെക്കുറിച്ച് പോലീസ് അറിയുന്നത് ഏതാനും മാസം മുന്‍പാണ്…ബോധം കൈവിട്ടുപോകുന്പോൾ വീട്ടിലേക്കോ ഹോസ്റ്റലിലേക്കോ പോകാൻ പറ്റാതെ വിഷമിക്കുന്ന പെണ്‍കുട്ടികൾക്ക് വലവിരിയ്ക്കുന്ന വേട്ടക്കാരന്റെ താവളങ്ങളിൽ പെണ്‍കുട്ടികളുടെ ജീവിതം കുമിളപോലെ വീണുടയുന്നു.
തൃശൂരിൽ ഏതാനും മാസം മുന്‍പ് പിടിയിലായ മയക്കുമരുന്ന് വിൽപനക്കാരെ എക്സൈസ് ചോദ്യം ചെയ്തപ്പോഴാണ് ഇത്തരം താമസ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരം കിട്ടിയത്.
മയക്കുമരുന്നുപയോഗിച്ച ശേഷം വീട്ടിൽ പോകാൻ സാധിക്കാത്താതിനാൽ താമസിക്കാനുള്ള സ്ഥലം ഒരുക്കിക്കൊടുക്കുന്നതിന് ജോയിന്റ്, ഹാൾട്ട് എന്നീ കോഡുകളാണുപയോഗിക്കാറ്.
അഞ്ജലി ഇപ്പോൾ കൊച്ചിയിലുണ്ട്…..
അഞ്ജലി എന്ന പെണ്‍കുട്ടിയെക്കുറിച്ച് കേട്ടറിഞ്ഞ് അവളെ കാണാൻ കൊച്ചിയിലെ ഡി അഡിക്ഷൻ സെന്ററിലെത്തിയപ്പോൾ അവിടെയുള്ള സുഹൃത്ത് അഞ്ജലിയുടെ പഴയ ചിത്രം കാണിച്ചു തന്നു.
നല്ല ഭംഗിയുള്ള മിടുക്കിയായ പെണ്‍കുട്ടി. ഇന്നവൾ ജീവന്റെ തുടിപ്പ് വിട്ടുപോയിട്ടില്ലാത്ത ഒരു ജീവച്ഛവം…ചത്ത മീനിന്റെ കണ്ണുകൾ പോലെ നിർജീവമായ കണ്ണുകളോടെ വിളിച്ചാൽപോലും വിളികേൾക്കാതെ നിശ്ചലമായിരിക്കുന്ന അഞ്ജലി…
വർഷങ്ങൾക്കിപ്പുറം ഉത്തരം യാഥാർഥ്യമാകുന്നു…
വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി, സുകുമാരൻ എന്നിവരഭിനയിച്ച വി.കെ. പവിത്രൻ സംവിധാനം ചെയ്ത ഉത്തരം എന്ന സിനിമ വർഷങ്ങൾക്കിപ്പുറം യാഥാർത്ഥ്യമാകുന്നു.
വൈശാലി ഫെയിം സുപർണ അവതരിപ്പിച്ച സെലിന ജോസഫ് എന്ന കഥാപാത്രത്തിന്റെ മരണത്തിനു പിന്നിലെ കാരണം തേടിയുള്ള യാത്രയും അന്വേഷണവുമാണ് ഉത്തരത്തിന്റെ കഥ.
വിവാഹത്തിനു മുന്‍പ് സെലിന ഗർഭിണിയായിരുന്നുവെന്ന് അറിയുന്നതോടെ അതെങ്ങിനെ സംഭവിച്ചു എന്ന ചോദ്യത്തിനുത്തരം തേടിയാണ് മമ്മൂട്ടിയുടെ ബാലചന്ദ്രൻ എന്ന ബാലൻ അന്വേഷണം നടത്തുന്നത്.
ഒരു വിനോദയാത്രക്കിടെ ഒരു മയക്കുമരുന്ന് ഉപയോഗിച്ച സെലിന അബോധാവസ്ഥയിലായതും താൻപോലുമറിയാതെ ഗർഭിണിയായ സെലിനയുടെ കഥ പുതിയ കാലത്ത് യാഥാർത്ഥ്യമാകുന്പോൾ ദാഫ്ൻ ഡു മോറിയേ എഴുതിയ നോ മോട്ടീവ് എന്ന ചെറുകഥയെ ആസ്പദമാക്കി എം.ടി.വാസുദേവൻ നായർ എഴുതിയ ആ തിരക്കഥയുടെ ദീർഘവീക്ഷണം എത്ര വലുതായിരുന്നുവെന്ന് മനസിലാക്കാം.
മലയാളത്തിൽ മൂന്ന് ഉ കൾ ഇംഗ്ലീഷിൽ മൂന്ന് എസുകൾ
മരുന്നു കടത്തിലെ തുടക്കക്കാരനായിരുന്നു അയാൾ. കോഡുകളും ഭാഷയും പഠിച്ചുവരുന്നതേയുള്ളു. മരുന്ന് വാങ്ങാനായി ബംഗളുരുവിലെത്തിയപ്പോൾ മാർളി അങ്കിൾമാരിലൊരാൾ ചോദിച്ചു. വിച്ച് “എസ്’ യു വാണ്ട്….(ഏത് എസാണ് നിങ്ങൾക്ക് വേണ്ടത്)
ചോദ്യം പിടികിട്ടാതിരുന്ന ഇടപാടുകാരനോട് അവിടെയുണ്ടായിരുന്ന മറ്റൊരാൾ വിശദീകരിച്ചു, നിങ്ങൾക്ക് ഏതു തരം സ്റ്റഫാണ് വേണ്ടതെന്നാണ് അങ്കിൾ ചോദിച്ചത്…
മൂന്നു തരം എസ് ഉണ്ട്…
സെഡേഷൻ, സ്ലീപ് ലെസ്, സെഡക്ഷൻ
ഉപയോഗിച്ചാൽ ബോധംകെട്ട് മയങ്ങിപ്പോകുന്ന സെഡേഷൻ പിൽസ്, ഉപയോഗിച്ചാൽ ഉറക്കം വരാതെ മണിക്കൂറുകൾ ഇരിക്കാവുന്ന സ്ലിപ് ലെസ് പിൽസ്, ഉപയോഗിച്ചാൽ ലൈംഗിക ആസക്തി കൂടുന്ന ഭ്രമാത്മക ലോകത്തിലേക്ക് പോകുന്ന സെഡക്ഷൻ പിൽസ്…
മലയാളത്തിൽ മൂന്നു ഉ കൾ എന്ന് പറഞ്ഞത്…
ഉറക്കം, ഉൻമേഷം (ഉറക്കമില്ലായ്മ) , ഉൻമാദം എന്നാണ്
ബോധം നശിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതാണ് സെഡേഷൻ പിൽസ്. ഇതാണ് പലപ്പോഴും കൂടുതലായി കേരളത്തിലേക്ക് എത്തുന്നത്.
ഉറക്കമില്ലാതെ ഏറെ നേരം കഴിച്ചുകൂട്ടാനായി യുവാക്കളായ വിദ്യാർഥികൾ നിരവധി പേർ സ്ലീപ് ലെസ് സിന്തറ്റിക് ഡ്രഗുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മത്സരപരീക്ഷകളുടെ ലോകത്ത് ഒന്നാമനായി നിൽക്കാൻ, തോൽവിയുടെ രുചിയറിയാതിരിക്കാൻ, എന്നും എപ്പോഴും പഠിച്ചു കൊണ്ടിരിക്കാൻ പ്രഫഷണൽ വിദ്യാർത്ഥികളടക്കമുള്ളവർ താത്പര്യപ്പെടുന്നത് സ്ലീപ് ലെസ് പിൽസാണ്.
മൂന്നാമത്തെ വിഭാഗത്തിൽ പെട്ട സെഡക്ഷൻ പിൽസ് കഴിച്ചാൽ ഉപയോഗിക്കുന്നയാൾക്ക് വളരെ പെട്ടന്ന് ഉൻമേഷവും ഉൻമാദവും ആവേശവും കൂടിയപോലെ തോന്നും. പിന്നെ എല്ലാറ്റിനും ഒരാവേശമാണ്…
അത് ആണിനായാലും പെണ്ണിനായാലും…അമിതമായ ലൈംഗിക ആസക്തിയുണർത്തുന്ന മരുന്നാണത്…
അവസാനിച്ചു.