ദുബായ്: ചെങ്കടലിലും ഏദൻ ഉൾക്കടലിലും രണ്ടു ചരക്കുകപ്പലുകൾ ആക്രമിച്ച ഹൂതി വിമതർ, അമേരിക്കൻ സേനയുടെ ഡ്രോണും വെടിവച്ചിട്ടതായി അവകാശപ്പെട്ടു. ചെങ്കടലിൽ ആക്രമിക്കപ്പെട്ട റൂബിമർ എന്ന കപ്പലിനു വലിയ നാശമുണ്ടായി. ഇതേത്തുടർന്ന് ജീവനക്കാർ നങ്കൂരമിട്ടശേഷം കപ്പൽ ഉപേക്ഷിച്ചു.
ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത് ലബനീസ് കന്പനി പ്രവർത്തിപ്പിക്കുന്ന കപ്പൽ യുഎഇയിൽനിന്നു ബൾഗേറിയയിലേക്കു പോകുകയായിരുന്നു. കപ്പലിലെ ചരക്ക് എന്താണെന്നതിൽ വ്യക്തതയില്ല. കപ്പൽ മുങ്ങാൻ സാധ്യതയുണ്ടെന്നു ഹൂതികൾ പറഞ്ഞു. കപ്പൽ ഉപേക്ഷിച്ച ജീവനക്കാർ സുരക്ഷിതരാണ്.
ഈ സംഭവത്തിനു പിന്നാലെയാണ് സീ ചാന്പ്യൻ എന്ന ചരക്കുകപ്പൽ ഏദൻ ഉൾക്കടലിൽ ആക്രമണത്തിനിരയായത്. ഗ്രീസിൽ രജിസ്റ്റർ ചെയ്ത് യുഎസ് കന്പനി പ്രവർത്തിപ്പിക്കുന്ന കപ്പൽ അർജന്റീനയിൽനിന്നു യെമനിലെ ഏദൻ തുറമുഖത്തേക്കു വരികയായിരുന്നു. ആക്രമണത്തിനുശേഷം ഈ കപ്പലിന്റെ അവസ്ഥ എന്താണെന്നറിയില്ല.
അമേരിക്കയുടെ എംക്യു-9 റീപ്പർ ഡ്രോൺ വെടിവച്ചിട്ടതായും ഹൂതി ബ്രിഗേഡിയർ ജനറൽ യഹിയ സാരി അവകാശപ്പെട്ടു. വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണു വീഴ്ത്തിയത്. അമേരിക്കൻ സേന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നവംബറിൽ യുഎസ് സേനയുടെ ഇത്തരമൊരു ഡ്രോൺ ഹൂതികൾ വീഴ്ത്തിയിരുന്നു.
ഹൂതികളുടെ ശക്തികേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രണം നടത്തിയതായി യുഎസ് ഇന്നലെ അറിയിച്ചു.
ഇറാന്റെ പിന്തുണയോടെ യെമന്റെ പ്രധാന ഭാഗങ്ങൾ നിയന്ത്രിക്കുന്ന ഹൂതികൾ, പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണു ചരക്കുകപ്പലുകൾ ആക്രമിക്കുന്നത്.