ഉത്തരകാശി: റീൽസ് ചിത്രീകരിക്കാൻ നദിയിലേക്ക് ഇറങ്ങിയ യുവതിയെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി. അവധി ആഘോഷിക്കാൻ നേപ്പാളിൽ നിന്ന് ഉത്തരാഖണ്ഡിലെത്തിയ യുവതിയെയാണ് ഭാഗീരഥി നദിയിൽ കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ തുടരുന്നു.
നേപ്പാൾ സ്വദേശിനി തന്റെ 11 വയസുള്ള മകൾക്കൊപ്പമാണ് ഉത്തരാഖണ്ഡിലെത്തിയത്. ഗംഗാ നദിയുടെ പ്രധാന കൈവഴിയായ ഭാഗീരഥി നദിയിലെ മണികർണിക ഘാട്ട് സന്ദർശിക്കുന്നതിനിടെയായിരുന്നു അപകടം.
ഇവിടെ എത്തിയപ്പോൾ യുവതി തന്റെ മൊബൈൽ ഫോൺ മകളുടെ കൈയിൽ കൊടുത്ത ശേഷം വീഡിയോ ചിത്രീകരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇവർ നദിയിലേക്ക് ഇറങ്ങുകയായിരുന്നു.
കാമറയിലേക്ക് നോക്കി ചിരിച്ചുകൊണ്ട് യുവതി നദിയിലേക്ക് ഇറങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പെട്ടെന്ന് കാൽ തെറ്റി വീഴുകയും അത് കണ്ടുകൊണ്ട് നിൽക്കുന്ന മകൾ ഉറക്കെ നിലവിളിക്കുകയും ചെയ്യുന്നത് വീഡിയോ ദൃശ്യത്തിലുണ്ട്.