നെടുമങ്ങാട് : റീല്സ് ചിത്രീകരിക്കാന് അഭ്യാസം നടത്തിയ ബൈക്കുകൾ പിടിച്ചെടുത്ത് മോട്ടോര് വാഹനവകുപ്പ്. വലിയമല പോലീസ് പരിധിയില് രണ്ടു ബൈക്കുകളും നെടുമങ്ങാട് പോലീസ് പരിധിയിൽ രണ്ടു ബൈക്കുകളുമാണ് മോട്ടോര് വാഹനവകുപ്പ് പിടികൂടി പൊലീസ് സ്റ്റേഷനുകളില് കൈമാറിയത്.
കുറച്ചു നാളുകളായി ഇന്സ്റ്റാഗ്രാമില് അപ്ലോഡു ചെയ്ത റീല്സുകള് മോട്ടോര് വാഹനവകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു. അപകടരമായി റോഡില് അഭ്യാസങ്ങള് നടത്തി മറ്റു യാത്രക്കാര്ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില് വാഹനങ്ങള് ഓടിച്ച് റീല്സുകള് നടത്തുന്നവരുടെ വാഹനങ്ങള് കേന്ദ്രീകരിച്ചായിരുന്നു മോട്ടോര് വാഹനവകുപ്പ് പരിശോധന നടത്തിയത്.
ആരുടെയൊക്കെ വാഹനം പിടിച്ചെടുക്കണമെന്ന് മോട്ടോര് വാഹനവകുപ്പ് കൃത്യമായി വിവരം തയാറാക്കിയാണ് വാഹനങ്ങള് പിടിച്ചെടുക്കല് ആരംഭിച്ചത്. പിടിച്ചെടുത്ത വാഹനങ്ങള്ക്ക് എതൊക്കെ തരത്തിലുള്ള പിഴ ചുമത്തണമെന്ന കാര്യത്തില് ആലോചനയിലാണ് മോട്ടോര് വാഹനവകുപ്പ്.
സംസ്ഥാനത്താകമാനം നടത്തുന്ന ഓപ്പറേഷന്റെ ഭാഗമായി ഇന്നലെ രാവിലെ മുതല് ഉച്ചവരെ നെടുമങ്ങാട് സബ്ഡിവിഷന്റെ കീഴില് നടത്തിയ പരിശോധനയില് ആണ് ബൈക്കുകൾ പിടിച്ചെടുത്തത്.