ചാത്തന്നൂർ: സർക്കാർ ജീവനക്കാർ റീൽസ് എടുത്താൽ ആകാശമൊന്നും ഇടിഞ്ഞു വീഴില്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേശ് കുമാർ. അതു കണ്ട് ഇഷ്ടപ്പെട്ടു. അവർക്കെതിരേ നടപടി എടുക്കണമെന്ന് ചിലരൊക്കെ ആവശ്യപ്പെട്ടു. നടപടി എടുക്കില്ലെന്ന് വകുപ്പുമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ ഓഫീസിലിരുന്ന് റീൽസ് ചിത്രീകരിച്ച നഗരസഭാ ജീവനക്കാരോട് അനുഭാവം പ്രകടിപ്പിച്ച് കെഎസ്ആർടിസി യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങൾ ജീവന്മരണ പ്രശ്നങ്ങളുമായി സർക്കാർ ഓഫീസുകളിലെത്തി വിഷയം അവതരിപ്പിക്കുമ്പോൾ ഫയലുകൾക്കിടയിൽ മൊബൈൽ വച്ച് തോണ്ടുന്ന സർക്കാർ ഉദ്യോഗസ്ഥർ നടത്തുന്ന ക്രൂരതയൊന്നും റീൽസ് എടുത്തവർ ചെയ്തിട്ടില്ല.
ഔദ്യോഗിക പിരിമുറുക്കത്തിനിടയിൽ അവർക്ക് അല്പം സന്തോഷം ലഭിക്കുമെങ്കിൽ അത് നല്ലതല്ലേ. ജീവനക്കാരിൽ കലാവാസനയുള്ള നിരവധി പേരുണ്ട്. അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നില്ല.
പുതിയ തലമുറ ബുദ്ധിയും കഴിവുമുള്ളവരാണ് പുതിയ തലമുറയുടെ മാറ്റം ഉൾക്കൊള്ളാനും അഭിരുചികൾ മനസിലാക്കാനും മുതിർന്നവർ തയാറാകണമെന്നും മന്ത്രി പറഞ്ഞു.