സോഷ്യൽ മീഡിയയിൽ താരമാകാനും വരുമാനമുണ്ടാക്കാനും ആളുകൾ നിരവധി വേഷങ്ങൾ കെട്ടിയാടാറുണ്ട്. കഴിഞ്ഞദിവസം, ഇൻസ്റ്റഗ്രാം റീൽസിൽ പുതുമ പരീക്ഷിച്ച രണ്ടുപേരെ ഒടുവിൽ പോലീസ് പൊക്കി.
കർണാടകയിലെ കലബുറഗി ഹംനാബാദ് റിംഗ് റോഡിൽ കൊലപാതകം നടത്തുന്നതായി അഭിനയിച്ച് അത് ചിത്രീകരിക്കുകയാണ് ഇവർ ചെയ്തത്. സായ്ബന്ന, സച്ചിൻ എന്നിവരാണ് അറസ്റ്റിലായത്.
കൊലപാതകരംഗം ചിത്രീകരിക്കാൻ മൂർച്ചയുള്ള ആയുധവും ചുവന്ന ദ്രാവകവും ഇവർ ഉപയോഗിച്ചു. സച്ചിൻ രക്തത്തില്‍ കുളിച്ച നിലത്തുകിടക്കുമ്പോള്, മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയതായി നടിച്ച് സായ്ബന്ന സച്ചിന്റെ ദേഹത്തുകയറി ഇരുന്നു.
ഇതു കണ്ട നാട്ടുകാർ സംഭവം അഭിനയമാണെന്നറിയാതെ പോലീസിനെ അറിയിക്കുകയായിരുന്നു. പാഞ്ഞെത്തിയ പോലീസ് ഇരുവരെയും കൈയോടെ പൊക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്.