സമൂഹമാധ്യമങ്ങളില്‍ താരമാകാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത ചിലരുണ്ട്. ഇവരുടെ സാഹസങ്ങള്‍ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്താറുമുണ്ട്. അത്തരത്തില്‍ മധ്യപ്രദേശിൽ സംഭവിച്ച ഒരപകടം സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിരിക്കെയാണ്.
പ്രാങ്ക് റീല്‍ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കുരുക്കു മുറുകി പതിനൊന്നുകാരന് ജീവൻ നഷ്ടപ്പെടുകയായിരുന്നു. മധ്യപ്രദേശ് അംബാഹ് സ്വദേശിയായ കരണ്‍ മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കരണും സുഹൃത്തുക്കളും മരത്തിനു ചുറ്റുംനിന്നു കളിക്കുന്നതു ദൃശ്യങ്ങളില്‍ കാണാം. അതിനിടെ കരൺ കഴുത്തില്‍ കയര്‍ കെട്ടുകയും മറ്റു കുട്ടികള്‍ വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. കഴുത്തില്‍ കെട്ടിയ കുരുക്കു മുറുകിയതോടെ സുഹൃത്തുക്കള്‍ വീട്ടുകാരെ വിവരമറിയിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.