കോഴിക്കോട്: സ്വകാര്യ കമ്പനിയുടെ ബിസിനസ് പ്രമോഷനു വേണ്ടി റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ആഡംബര വാഹനമിടിച്ച് വീഡിയോഗ്രാഫര്‍ മരണമടഞ്ഞ സംഭവത്തില്‍ അപകടം സൃഷ്ടിച്ച തെലുങ്കാന രജിസ്ട്രേഷന് ബെന്‍സ് കാറിന്റെ ആര്‍സി ഹാജരാക്കാന്‍ കാറുടമയ്ക്ക് കോഴിക്കോട് ആര്‍ടിഒ നോട്ടീസ് അയച്ചു.
തെലുങ്കാന രജിസ്ട്രേഷന് വാഹനത്തിനെതിരേ പെട്ടന്ന് നിയമനടപടികള്‍ സ്വീകരിക്കാന്‍ കേരള മോട്ടോര്‍ വാഹന വകുപ്പിനു കഴിയില്ല. ഇതിന്റെ നിയമസാധുതകള്‍ പരിശോധിച്ച് തെലുങ്കാന മോട്ടോര്‍വാഹന വകുപ്പിന് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ഉദേശിക്കുന്നതെന്ന് കോഴിക്കോട് ആര്‍ടിഒ പി.എ. നസീര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികളുടെ ഭാഗമായി ബെന്‍സ് കാറുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് ആര്‍ടിഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡ്രിവണ്‍ ബൈ യു മൊബിലിറ്റി എന്ന തെലുങ്കാന കമ്പനി ഉടമ അശ്വിന്റെ പേരിലാണ് ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബെന്‍സിന്റെ ഇന്‍ഷ്വറന്‍സ് കാലാവധി കഴിഞ്ഞിട്ടുണ്ടെന്ന് പോലീസും മോട്ടോര്‍ വാഹന വകുപ്പും കണ്ടെത്തിയിട്ടുണ്ട്. ഡിഫന്‍ഡർ, ബെന്‍സ് വാഹനങ്ങള്‍ ഉപയോഗിച്ചുള്ള മത്സര ഓട്ടം കോഴിക്കോട് ബീച്ചിൽ പകര്‍ത്തുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ വടകര തണ്ണീര്‍പന്തല്‍ കടമേരി ആര്‍എസി ഹൈസ്കൂളിന് സമീപം വേളത്ത് താഴെകുനി നെടുഞ്ചാലില്‍ സുരേഷിന്റെ മകന് ടി.കെ. ആല്വിന് (21) മരിച്ചത്.
അമിത വേഗതയില്‍ വന്ന ബെന്‍സ് ആല്‍വിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബെന്‍സ് ഓടിച്ചിരുന്ന സാബിദ് റഹ്മാന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്കും ഡിഫന്‍ഡര്‍ ഓടിച്ച മുഹമ്മദ് റഹീസിന്റെ ലൈസന്‍സ് ആറു മാസത്തേക്കും മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിട്ടുണ്ട്.
ഡിഫന്‍ഡര്‍ കാര്‍ സ്ഥിരം നമ്പര്‍പ്ലേറ്റിനു പകരം താല്‍ക്കാലിക നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് അപകടകരമായ രീതിയില്‍ ഓടിച്ചതെന്നു മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഒന്നിലിധികം നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ബെന്‍സിന്റെ രജിസ്ട്രേഷന് റദ്ദാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ആര്‍സി ഉടമയോടു ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.