വൈറലാകാൻ എന്തും കാണിക്കാൻ തയാറായി മാറിയിരിക്കുകയാണ് ഇന്നത്തെ മനുഷ്യൻ. ജീവൻ പോയാലും വേണ്ടില്ല എങ്ങനെയെങ്കിലും നാലാൾക്കാർ അറിഞ്ഞാൽ മതിയെന്ന ചിന്താഗതിയാണ് ഇക്കൂട്ടർക്ക്. റീൽസ് എടുക്കുന്നതിനായി കഴിഞ്ഞദിവസം നടുറോഡിൽ കറങ്ങുന്ന കസേരയിട്ട് മാസായി വീഡിയോ എടുത്ത് യുവാവിന് ഇപ്പോൾ എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്. ബംഗളൂരിലാണ് സംഭവം.
ഇതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു. നടുറോഡിൽ വാഹനങ്ങൾ ചീറിപ്പാഞ്ഞ് പോകുന്നതിനു ഒത്ത നടുക്കായി കറങ്ങുന്ന കസേരയിൽ കൂളായി കാലിന്റെ മുകളിൽ കാലും വച്ച് യുവാവ് ഇരിക്കുന്നതാണ് വീഡിയോ. വെറുതെ ഇരിക്കുവല്ല ആശാൻ, മറിച്ച് ഒരു കപ്പിൽ ചൂട് കാപ്പിയൊക്കെ കുടിച്ച് തന്റെ സൈഡിൽ കൂടി പോകുന്ന എല്ലാ വണ്ടിയിലും നോക്കി ആസ്വദിച്ച് കാപ്പി കുടിക്കുകയാണ്.
വീഡിയോ വൈറലായതോടെ പലരും കമന്റുമായി എത്തി. സംഭവം ബംഗളൂർ പോലീസിന്റെ ശ്രദ്ധയിലും എത്തി. യുവാവിനായുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഒടുവിൽ പൊതുജന സുരക്ഷയെ ബാധിക്കുന്ന തരത്തിൽ പെരുമാറിയതിന് ഇയാളെ അറസ്റ്റ് ചെയ്തതായി അറിയിച്ചു.