ഹരിദ്വാര്‍: റീല്‍സ് ചിത്രീകരണത്തിനിടെ ഇരുപതുകാരിയായ കോളജ് വിദ്യാര്‍ഥിനി ട്രെയിനിടിച്ചു മരിച്ചു. ഹരിദ്വാർ റൂര്‍ക്കി കോളജ് ഓഫ് എന്‍ജിനീയറിംഗിലെ വിദ്യാര്‍ഥിനി വൈശാലി ആണു മരിച്ചത്. വൈശാലിക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു വിദ്യാര്‍ഥികള്‍ അപകടത്തില്‍നിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.
റഹീംപുര് റെയില്‍വേ ക്രോസിനു സമീപമുള്ള ട്രാക്കില്‍ വൈശാലിയും സുഹൃത്തുക്കളും റീല്‍സ് ചിത്രീകരിക്കുന്പോഴായിരുന്നു അപകടം. ബാർമർ എക്സ്പ്രസ് ട്രെയിന്‍ വൈശാലിയെ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. ഹരിദ്വാർ ജില്ലയിലെ ടോംഗിയ ഗ്രാമത്തിലാണ് വൈശാലിയുടെ വീട്. പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ട് റൂർക്കിയിൽ ബന്ധുക്കൾക്കൊപ്പമായിരുന്നു വൈശാലി താമസിച്ചിരുന്നത്.
സോഷ്യല്‍മീഡിയ ലൈക്കിനും ഷെയറിനും വേണ്ടി സാഹസികമായ വീഡിയോകള്‍ ചിത്രീകരിക്കുന്നതു വര്‍ധിക്കുകയാണെന്നും ഇതില്‍നിന്നു യുവാക്കള്‍ പിന്മാറണമെന്നും പോലീസ് ആവശ്യപ്പെട്ടു.