തൊടുപുഴ: ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള ജ്യോൽസനയും റീനയും വോട്ടുരേഖപ്പെടുത്തി ജില്ലയിൽ ചരിത്രംകുറിച്ചു.
ദേവികുളം മണ്ഡലത്തിലെ ഏക ട്രാൻസ്ജെൻഡർ വോട്ടറായ റീന തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത് മൂന്നാർ എംആർഎസ് സ്കൂളിലെ 52-ാം നന്പർ ബൂത്തിലാണ്.
ഉച്ചയോടെയായിരുന്നു റീന തന്റെ വോട്ടവകാശം വിനിയോഗിക്കാൻ പോളിംഗ് ബൂത്തിലെത്തിയത്.
ജീവിതത്തിൽ രണ്ടാം തവണയാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും റീന പറഞ്ഞു.
തൊടുപുഴ നിയോജകമണ്ഡലത്തിലെ വോട്ടറായ ജ്യോൽസന രതീഷ് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസിലെ വനിത ഉദ്യോഗസ്ഥർ മാത്രം നിയന്ത്രിച്ച പിങ്ക് പോളിംഗ് ബൂത്തിലെത്തിയാണ് തന്റെ വോട്ട് രേഖപ്പെടുത്തിയത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പുരുഷനായി വോട്ടു രേഖപ്പെടുത്തിയ ജ്യോത്സന സ്വന്തം അസ്തിത്വത്തിലുള്ള ആദ്യ വോട്ടാണ് ഇന്നലെ രേഖപ്പെടുത്തിയത്.
പങ്കാളിയോടൊപ്പം കാറിലാണ് ജ്യോൽസന എത്തിയത്. ബൂത്ത് ലെവൽ ഓഫീസർ ശോഭന മാത്യു ഇവരെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസും സ്വീകരിക്കാൻ എത്തിയിരുന്നു.തങ്ങളെ സമൂഹം അംഗീകരിക്കുന്നതിലുള്ള സന്തോഷവും പങ്കുവച്ചാണ് ഇവർ മടങ്ങിയത്.