ഇടനെഞ്ചിൽ പിടയ്ക്കുന്നതു മറ്റൊരാളുടെ ഹൃദയമാണെങ്കിലും റീന രാജുവിനു കുതിക്കാൻ ഇന്നും ആവേശമാണ്… ട്രാക്കിലും ജീവിതത്തിലും. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ ഈ മുപ്പത്തഞ്ചുകാരിയാണ് ഞായറാഴ്ച സ്പെയിനിൽ നടക്കുന്ന അവയവംമാറ്റൽ ശസ്ത്രക്രിയയ്ക്കു വിധേയരായവരുടെ കായികമേളയിൽ പങ്കെടുക്കുന്നത്.
100 മീറ്റർ ഓട്ടം, മിക്സഡ് ഡബിൾസ് ബാഡ്മിന്റണ് എന്നീ ഇനങ്ങളിൽ ഈ ബംഗളൂരു സ്വദേശിനി മാറ്റുരയ്ക്കും. ഉത്തർപ്രദേശിൽനിന്നുള്ള ബൽവീർ സിംഗും ലക്നോവിൽനിന്നുള്ള ധർമേദ്ര സോട്ടിയുമാണ് വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസ് ഫെഡറേഷൻ (ഡബ്ല്യുജിഎഫ്) സംഘടിപ്പിക്കുന്ന മേളയിൽ പങ്കെടുക്കുന്ന മറ്റ് ഇന്ത്യക്കാർ. ഹോക്കി താരമായിരുന്ന റീന 2009ലാണ് കാർഡിയോ മയോപ്പതി എന്ന രോഗാവസ്ഥയെത്തുടർന്ന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായത്. കഠിന വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചതെങ്കിലും അധികനാൾ വിശ്രമജീവിതം നയിക്കാൻ റീനയ്ക്കു കഴിയുമായിരുന്നില്ല. ഹോക്കിസ്റ്റിക്കുമായി അവൾ കളിക്കളത്തിൽ വീണ്ടുമിറങ്ങി. അണ്ടർവാട്ടർ ഡൈവിംഗും ആകാശച്ചാട്ടവും നടത്തി ആളുകളെ അതിശയിപ്പിച്ചു. ഇപ്പോഴിതാ ലോകരാജ്യങ്ങളിൽനിന്നെല്ലാം മത്സരാർഥികൾ പങ്കെടുക്കുന്ന കായികമേളയിൽ മാറ്റുരയ്ക്കുന്നു.
വളരെയധികം പരിശോധനകൾക്കും കായിക്ഷമതാ പരീക്ഷണങ്ങൾക്കും ശേഷമാണ് റീന മേളയിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. അപൂർവ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നു താരം പ്രതികരിച്ചു. ഇംഗ്ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളിൽനിന്ന് നൂറുകണക്കിനു താരങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്. എന്നാൽ, ഇന്ത്യയിൽനിന്നു മൂന്നേ മൂന്നു പേർ മാത്രം. വേണ്ടത്ര ബോധവത്കരണവും ശാക്തീകരണ പരിപാടികളുമില്ലാത്തതാണ് ഇവിടത്തെ പോരായ്മ. ഭയം മാറ്റിവച്ച് ചിട്ടയായ പരിശീലനം നടത്തിയാൽ അവയവം മാറ്റിവച്ചവർക്കും സാധാരണ ജീവിതം സാധ്യമാണെന്ന് റീന സാക്ഷ്യപ്പെടുത്തുന്നു.