കോട്ടയം: ഹൈന്ദവ വിശ്വാസസമൂഹത്തെ സംരക്ഷിക്കേണ്ട ചുമതലയുള്ള ദേവസ്വം ബോർഡ് ശബരിമല വിഷയത്തിൽ ഹിന്ദുസമൂഹത്തിന് വിരുദ്ധമായി സുപ്രീം കോടതിയിൽ നിലപാട് മാറ്റിയതിൽ പ്രതിഷേധിച്ച് ദേവസ്വം ബോർഡ് മരിച്ചതായി പ്രഖ്യാപിച്ചു കോട്ടയത്ത് കർമ്മസമിതി പ്രവർത്തകർ അസിസ്റ്റന്റ് ദേവസ്വം ഓഫീസിന് മുന്നിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധം രേഖപ്പെടുത്തി.
തിരുനക്കര ഉത്സവത്തിന് ദേവസ്വം ബോർഡ് ഭാരവാഹികൾ വിശിഷ്ടാതിഥികളായി വന്നാൽ വൻപ്രതിഷേധത്തിനിടയാകുമെന്ന് യോഗത്തിൽ പ്രസംഗിച്ച ബിജെപി ജില്ലാ സെക്രട്ടറി സി.എൻ. സുഭാഷ് പറഞ്ഞു.സാധാരണ ഹൈന്ദവ സമൂഹം പട്ട് സമർപ്പിച്ചാണ് ആദരാഞ്ജലികളർപ്പിക്കാറുള്ളത് എങ്കിലും ദേവസ്വം ബോർഡ് ഹിന്ദു അല്ലാതായി എന്നതുകൊണ്ടാണ് റീത്ത് സമർപ്പിച്ചതെന്ന് ശബരിമല കർമ്മസമിതി നേതാവ് ശങ്കർ സ്വാമി പറഞ്ഞു.
ഓൾ ഇന്ത്യാ ബ്രാഹ്മണ ഫെഡറേഷൻ സംസ്ഥാന ഉപാധ്യക്ഷൻ എച്ച്. രാമനാഥൻ, ശബരിമല കർമ്മസമിതി നേതാക്കളായ സുമേഷ് രാജൻ, ശങ്കർ സ്വാമി, രതീഷ് കുമാർ, ഹരി കിഴക്കേക്കുറ്റ്, ബിനീഷ്, ടി.ടി. സന്തോഷ്, എൻ.ബി. നാരായണൻ നായർ, സിന്ധു എം. പൈ, ജലജാ നാരായണൻ, തുടങ്ങിയവരും പ്രസംഗിച്ചു.