പുതുക്കാട് : മറവാഞ്ചേരിയിൽ ഉഴിഞ്ഞാൽപാടത്തിന് സമീപത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ഫ്രിഡ്ജ് പൊളിച്ച് വേർതിരിക്കുന്ന സ്ഥാപനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉപയോഗശൂന്യമായ ഫ്രിഡ്ജുകൾ കൊണ്ടുവന്ന് പൊളിച്ചെടുക്കുന്പോൾ പുറന്തള്ളുന്ന വാതകം അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുകയും ജലാശയങ്ങൾ മലിനപ്പെടുത്തുകയും ചെയ്യുന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇടനിലക്കാരിലൂടെ നൂറുകണക്കിനു ഫ്രിഡ്ജുകളാണ് ഇവിടേക്ക് എത്തിക്കുന്നത്. തൊഴിലാളികളെ ഉപയോഗിച്ച് പൊളിച്ചെടുക്കുന്ന ഫ്രിഡ്ജുകളുടെ ഭാഗങ്ങൾ വില്പന നടത്തുകയാണ് ഇവിടെ ചെയ്യുന്നത്. പട്ടാന്പിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ജനരോക്ഷത്തെ തുടർന്ന് പുതുക്കാട് ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.
പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ നിർമിച്ച കെട്ടിടത്തിന് ചുറ്റും പൊളിച്ചുമാറ്റുന്ന അവശിഷ്ടങ്ങൾ കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. ഇതിനിടെ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് സ്ഥാപനത്തിലേക്ക് ഫ്രിഡ്ജുകളുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞ് തിരിച്ചയച്ചു.
ഒരു മാസം മുൻപാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപനം പ്രവർത്തനമാരംഭിച്ചത്.അന്നുതന്നെ നാട്ടുകാർ പഞ്ചായത്തിനും ആരോഗ്യ വകുപ്പിനും പരാതി നൽകിയിരുന്നുവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് തുടർ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന ആക്ഷേപമുണ്ട്. മാലിന്യപ്രശ്നം രൂക്ഷമാകാൻ സാധ്യതയുണ്ടായിട്ടും അധികൃതർ മൗനം പാലിക്കുന്നതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.