സാധാരണ ഫൗളുകള്ക്കും മൈതാനത്തെ മോശം പെരുമാറ്റങ്ങള്ക്കുമാണ് ഫുട്ബോളില് റഫറി മഞ്ഞക്കാര്ഡ് ഉയര്ത്തുക. എന്നാല് സെല്ഫിയ്ക്കായി മഞ്ഞക്കാര്ഡ് പൊക്കുന്നത് ഫുട്ബോള് ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമായിരിക്കും. ബ്രസീല് ഇതിഹാസ താരം കക്കയ്ക്കാണ് ഇത്തരത്തില് കാര്ഡ് ലഭിച്ചത്.
സംഭവം നടന്നത് ബ്രസീലും ഇസ്രായേലും തമ്മിലുള്ള സൗഹൃദ മത്സരത്തിലാണ്. ബ്രസീലിന്റെ ഇതിഹാസ താരങ്ങളെല്ലാം മത്സരത്തിനിറങ്ങിയിരുന്നു. കളിയുടെ 51-ാം മിനിറ്റില് പന്തുമായി നീങ്ങിയ ഇതിഹാസ താരം കക്കയെ റഫറി വിസില് മുഴക്കി നിര്ത്തിച്ചു. വനിതാ റഫറിയായിരുന്നു കളി നിയന്ത്രിച്ചിരുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കി നില്ക്കെ റഫറി മുന് റയല് താരത്തിന് അടുത്തെത്തി.
പോക്കറ്റില് നിന്നും മഞ്ഞക്കാര്ഡ് എടുത്ത് കക്കയ്ക്ക് നേരെ ഉയര്ത്തിയതോടെ എല്ലാവരും അമ്പരന്നു. പിന്നാലെയായിരുന്നു അതിലും രസകരമായ സംഭവം. മഞ്ഞക്കാര്ഡ് തിരികെ വച്ച റഫറി പോക്കറ്റില് നിന്നും ഫോണ് എടുത്തു. താരത്തോടൊപ്പമൊരു സെല്ഫി, അതിന് വേണ്ടിയായിരുന്നു റഫറി കക്കയ്ക്ക് കാര്ഡ് നല്കിയത്. ഇതോടെ എല്ലാവരുടേയും മുഖത്ത് ചിരി പടര്ന്നു. താരങ്ങള് റഫറിക്ക് അരികിലെത്തി കൈ കൊടുക്കുകയും ചെയ്തു. എന്തായാലും സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി എന്നു പറഞ്ഞാല് മതിയല്ലോ.
Nothing to see here. Just a referee showing Kaka a yellow card before taking a selfie with him. 😂pic.twitter.com/k3lUHJXd9N
— Football HQ (@FootbaII_HQ) October 29, 2019