ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ നിന്ന് അഫ്ഗാൻ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടിയിൽ അതൃപ്തി അറിയിച്ച് താലിബാൻ. ഇതുവരെ രണ്ടര ലക്ഷം അഫ്ഗാനികളെ പാക്കിസ്ഥാൻ തിരിച്ചയച്ചെന്ന് അഫ്ഗാൻ വിദേശകാര്യ ആക്ടിംഗ് മന്ത്രി അമീർ ഖാൻ മുത്താഖി പറഞ്ഞു.
തങ്ങളുടെ ആശങ്കകൾ പാക്കിസ്ഥാൻ അധികൃതരെ അറിയിച്ചെങ്കിലും അവർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അനധികൃതമായി താമസിക്കുന്ന 1.7 ദശലക്ഷം അഫ്ഗാനികൾ നാടുവിടണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ ഒക്ടോബറിൽ അന്ത്യശാസനം നൽകിയിരുന്നു. തുടർന്ന് 250,000-ത്തിലധികം പേർ പാക്കിസ്ഥാനിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു.
ഇവരിൽ ഭൂരിഭാഗം പേരും സ്വമേധയാ പോയതാണെന്ന് പാക്ക് അധികൃതർ പറഞ്ഞു. അതിനിടയിൽ പാക്കിസ്ഥാൻ വിടാൻ നിർബന്ധിതരായ അഫ്ഗാനികൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ വെല്ലുവിളികളെയും അപകടങ്ങളെയും കുറിച്ച് യുഎൻ അഭയാർഥി ഹൈക്കമ്മീഷണർ (യുഎൻഎച്ച്സിആർ) മുന്നറിയിപ്പ് നൽകി.
കാണ്ഡഹാർ പ്രവിശ്യയിലെ അഭയാർഥി, സ്വദേശിവത്കരണ വകുപ്പ് നൽകുന്ന വിവരം അനുസരിച്ച് കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 31,547 ആളുകളും 4,533 കുടുംബങ്ങളും പാക്കിസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയതായി പറയുന്നു.