വിജയവാഡ: പ്രേമാഭ്യർഥന തള്ളിക്കളഞ്ഞ 17കാരിയെ പെട്രോൾ ഒഴിച്ച് തീയിട്ടു കൊലപ്പെടുത്തിയ ഇരുപത്തിയെന്നുകാരൻ അറസ്റ്റിൽ. വിജയവാഡയ്ക്ക് സമീപത്തെ നന്ദ്യാലിലെ നന്ദികോട്കൂരിലാണ് സംഭവം. മൂന്നു വർഷമായി പ്രതി പെൺകുട്ടിയെ ശല്യപ്പെടുത്തി വരികയായിരുന്നുവെന്നു പറയുന്നു.
യുവാവിന്റെ ശല്യം മൂലം പെൺകുട്ടിയെ വീട്ടുകാർ മുത്തശിയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. ഇവിടെയും എത്തി ശല്യം തുടർന്നു. പഠനം തുടരണമെന്നും പ്രണയത്തിന് താൽപര്യമില്ലെന്നും പെൺകുട്ടി അറിയിച്ചതിൽ പ്രകോപിതനായി യുവാവ് ഇന്നലെ പുലർച്ചെ പഠനമുറിയിൽ അതിക്രമിച്ച് കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉച്ചത്തിൽ നിലവിളിക്കാതിരിക്കാൻ വായിൽ തുണി തിരുകിയശേഷമായിരുന്നു വധശ്രമം. സംഭവസ്ഥലത്തുതന്നെ പെൺകുട്ടി മരിച്ചു.
വേൽദുർതി മണ്ഡലിലെ സമർലകോട്ട സ്വദേശിയായ രാഘവേന്ദ്രയാണ് അറസ്റ്റിലായത്. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ചികിത്സയിൽ കഴിയുകയാണ്. കേസ് രജിസ്റ്റർ ചെയ്ത പോലീസ് തെളിവുകൾ ശേഖരിച്ചു വരികയാണ്.