ന്യൂഡൽഹി: ദിവസം ഒരു കോടി രൂപ വാങ്ങുന്ന മുതിർന്ന വക്കീലന്മാർ വായ് തുറക്കാറില്ലെന്നും നിലപാടുകൾ സ്വീകരിക്കുന്നതു വിരളമാണെന്നും ജസ്റ്റീസ് ജസ്തി ചെലമേശ്വർ. സുപ്രീംകോടതിയിൽനിന്ന് വിരമിക്കുന്ന തനിക്ക് ലോയേഴ്സ് കളക്ടീവ് ഒരുക്കിയ യാത്രയയപ്പു പരിപാടിയിൽ മനസു തുറക്കുകയായിരുന്നു അദ്ദേഹം. ജൂണിയർ അഭിഭാഷകർ നൽകിയ പിന്തുണയ്ക്ക് നന്ദി പറയാനും ജസ്റ്റീസ് ചെലമേശ്വർ മറന്നില്ല.
ഒന്നര വർഷമായി താൻ ജുഡീഷറിയെ ജനാധിപത്യവത്കരിക്കുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു. ചെറുപ്പക്കാരായ വക്കീലന്മാരായിരുന്നു പിന്തുണയും ശക്തിയും നൽകിയത്. വളരെ പ്രഗത്ഭരും അംഗീകരിക്കപ്പെട്ടവരുമായ മുതിർന്ന നിയമജ്ഞർ എല്ലാ വശങ്ങളിൽനിന്നും ആക്രമിച്ചു.
അവരിൽ പലരും ഒരു ദിവസം ഒരു കോടി രൂപ വാങ്ങുന്നവരാണ്. പക്ഷേ വായ് തുറക്കാറില്ല, വേണ്ട സമയത്ത് നിലപാടെടുക്കാറുമില്ല- രണ്ടാഴ്ചയ്ക്കകം വിരമിക്കുന്ന സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിയായ ചെലമേശ്വർ അവസാന പ്രവൃത്തി ദിവസത്തിൽ തുറന്നടിച്ചു.
നല്ലതേതോ അതു സംരക്ഷിക്കപ്പെടണം. സംശയകരമായത് പരിശോധിച്ചു പരിഹരിക്കണം. അവയിൽ മോശമായത് നശിപ്പിക്കണം. ഈ വിശ്വാസങ്ങളോടെയാണ് താൻ പ്രവർത്തിച്ചത്. ജുഡീഷൽ സംവിധാനത്തിൽ ആർക്കെതിരേയും വ്യക്തിപരമായി തനിക്ക് വിരോധമില്ല. കാര്യങ്ങൾ തെറ്റായ വഴിക്കു പോകുന്നുവെന്നു ബോധ്യമായപ്പോഴെക്കെ എഴുന്നേറ്റുനിന്ന് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. രാജ്യത്ത് എല്ലായിടത്തുനിന്നും തനിക്ക് വലിയ പിന്തുണ ലഭിച്ചെന്നും ചെലമേശ്വർ വ്യക്തമാക്കി.
മുതിർന്ന മറ്റു മൂന്നു ജഡ്ജിമാരോടൊപ്പം പത്രസമ്മേളനം നടത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ചെലമേശ്വറിന്റെ ഉത്തരങ്ങൾ സംശയാതീതമായിരു ന്നു. ജഡ്ജിമാർ പത്രസമ്മേളനം നടത്തരുതെന്ന് ഏതു നിയമത്തിലാണ് പറയുന്നത്? വായ് തുറന്നപ്പോൾ തന്നെ ഇത്തരം ചോദ്യങ്ങൾ പ്രതീക്ഷിച്ചതാണ്. അതിന്റെ പ്രത്യാഘാതങ്ങൾ മനസിലാക്കി നേരിടാൻതന്നെ ഉറച്ചായിരുന്നു കാര്യങ്ങൾ പറഞ്ഞത്.
ജസ്റ്റീസ് ബി.എച്ച്. ലോയയുടെ ദുരൂഹമരണം അടക്കം നിർണായകമായ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ജഡ്ജിമാരെ ചുമതലെപ്പെടുത്തിയ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ വിവാദ നടപടികളെ ചോദ്യം ചെയ്ത് ചെലമേശ്വർ രഞ്ജൻ ഗോഗോയി, മദൻ ബി. ലോകുർ, കുര്യൻ ജോസഫ് എന്നീ ജ്ഡജിമാർ കഴിഞ്ഞ ജനുവരി 12നാണ് പത്രസമ്മേളനം നടത്തിയത്.
പരമോന്നത നീതിപീഠത്തിലെ അനീതികൾ പൊതുമധ്യത്തിൽ ചർച്ച ചെയ്യാൻ ഇതിടയാക്കി. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താനുള്ള ശിപാർശ മടക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരേയും ശക്തമായ നിലപാടാണ് ചെലമേശ്വർ സ്വീകരിച്ചത്.