നോട്ടു പിന്‍വലിച്ചതിലൂടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളെ ചൂണ്ടിയുള്ള പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പാടുപെടുന്നതിനിടയില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന് പറഞ്ഞതായുള്ള പ്രസ്താവന കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കുകയാണ്.
കള്ളപ്പണം അവസാനിപ്പിക്കാന്‍ നോട്ടു നിരോധനത്തേക്കാള്‍ നല്ല മാര്‍ഗങ്ങള്‍ വേറെയുണ്ടെന്ന് ഓഗസ്റ്റില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ രഘുറാം പറഞ്ഞെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പഴയ നോട്ട് പിന്‍വലിച്ച് പുതിയ നോട്ട് ഇറക്കിയതുകൊണ്ടു മാത്രം രാജ്യത്തെ കള്ളപ്പണം അവസാനിക്കുമെന്നു താന്‍ കരുതുന്നില്ലെന്നും രാജന് അന്നു പറഞ്ഞിരുന്നു. എന്നാല്‍ നവംബര്‍ എട്ടിന് 1000,500 നോട്ട് പിന്‍വലിക്കുന്നതായുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഏവരെയും അമ്പരപ്പിച്ചുകളഞ്ഞു.
അന്നത്തെ പ്രസ്താവനയില്‍ രാജന് ഇങ്ങനെകൂടി പറയുന്നു.” കള്ളപ്പണക്കാര്‍ തങ്ങളുടെ കൈയ്യിലുള്ള വലിയ തുകകള്‍ ചെറിയ തുകകളാക്കി വെളുപ്പിച്ചെടുക്കാന്‍ സാധ്യതയുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്ന ആരാധനാലയങ്ങളും ഇവിടെയുണ്ട്. അതിനാല്‍ തന്നെ കള്ളപ്പണം തുടച്ചുനീക്കുന്നത് നോട്ടു നിരോധനത്തിലൂടെ മാത്രം സാധ്യമാകുന്ന ഒന്നല്ലയെന്ന് ഞാന്‍ കരുതുന്നു”
കള്ളപ്പണം സ്വര്ണനിക്ഷേപമാക്കിയാല് അത് പിടിച്ചെടുക്കുക ബുദ്ധിമുട്ടാണെന്നും രാജന് പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. ഒരു കറന്‍സി നിരോധിക്കുമ്പോള്‍ അതിന്റെ നിയമസാധുത ഇല്ലാതാകുകയാണെന്നും രാജന് പറയുന്നു. പഴയ കറന്‍സിക്ക് തുല്യമായ അളവില്‍ സമയ ബന്ധിതമായി പുതിയ കറന്‍സി എത്തിക്കുകയാണ് ഇത്തരം അവസരങ്ങളില്‍ ചെയ്യാറുള്ളതെന്നും ഈ രീതിയിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ യൂറോയിലേക്ക് മാറിയതെന്നും രാജന് പറയുന്നു.
വന്‍പണക്കാര്‍ക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നികുതിയാണ് ഇന്ത്യയില്‍ ചുമത്തുന്നതെന്നും രഘുറാം രാജന് പറയുന്നു. എന്തായാലും രാജന്റെ നിര്‍ദ്ദേശങ്ങളെ മറികടന്നുള്ള സര്‍ക്കാരിന്റെ ഈ നീക്കം ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.