സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: സംസ്ഥാനത്ത് ജനന മരണ രജിസ്ട്രേഷന് അപേക്ഷകരില്‍ നിന്ന് ആധാര്‍കാര്‍ഡ് ഹാജരാക്കേണ്ടതില്ലെന്ന് തദ്ദേശ സ്ഥാപന രജിസ്ട്രര്‍മാര്‍ക്ക് നിര്‍ദേശം. മരണ രജിസ്ട്രേഷന് വരുന്നവര്‍ മരിച്ചയാളുടേയും അപേക്ഷകന്റെയും ആധാര്‍ കാര്‍ഡ് തെളിവായി ഹാജരാക്കണമെന്ന നിബന്ധനയാണ് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയത്.
ജനന മരണ രജിസ്ട്രേഷനില്‍ ആധാര്‍ കാര്‍ഡ് നല്‍കുന്നത് വഴി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത് കണ്ടെത്തിയതോടെയാണ് പുതിയ നിര്‍ദേശം.മരിച്ചവരുടെ ആധാര്‍കാര്‍ഡ് പ്രയോജനപ്പെടുത്തിയാണ് ദുരുപയോഗങ്ങള്‍ കണ്ടെത്തിയത്.
ജനന-മരണ രജിസ്ട്രേഷന് ഡാറ്റാബെയിസില് ആധാര്‍ കാര്‍ഡ് സൂക്ഷിക്കാനോ രേഖയായി പ്രിന്റ് ചെയ്തെടുക്കാനോ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.എന്നാല്‍ ഉദ്യോഗസ്ഥന്റെ നിര്‍ദേശത്തിലല്ലാതെ ജനന മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അപേക്ഷകന് തിരിച്ചറിയില്‍ രേഖയായി ആധാര്‍ ഹാജരാക്കാന്‍ അനുമതിയുണ്ട്.
ഇത്തരത്തില്‍ ഹാജരാക്കുന്ന ആധാര്‍ കാര്‍ഡിന്റെ ആദ്യ എട്ട് അക്കങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കറുത്ത മഷി കൊണ്ട് മറച്ചു വേണം രേഖയായി സമര്‍പ്പിക്കാന്‍. ആവശ്യമെങ്കില്‍ ആധാര്‍ കാര്‍ഡ് നമ്പറിന്റെ അവസാന നാലു അക്കങ്ങള്‍ മാത്രം സൂക്ഷിക്കുകയോ പ്രിന്റ് ചെയ്യുകയോ ചെയ്യാനും രജിസ്ട്രര്‍മാര്‍ക്ക് അനുമതിയുണ്ട്.
1969-ലെ ജനന മരണ രജിസ്ട്രേഷന് ആക്ട് പ്രകാരം ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെങ്കിലും മരണപ്പെട്ടവരുടെ രേഖയായി അപേക്ഷകര്‍ ആധാര്‍ കാര്‍ഡ് ഹാജാരാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
തദ്ദേശ സ്ഥാപനങ്ങളില്‍ മരണ രജിസ്ട്രേഷനുളള അപേക്ഷയില്‍ മരിച്ചയാളുടെ പേര്,ആധാര്‍ കാര്‍ഡ്,അപേക്ഷ നല്‍കുന്നവരുടെ പേര്,ആധാര്‍കാര്‍ഡ് എന്നിവ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം.
ഇത് നല്കിയിട്ടില്ലെങ്കില് മരിച്ചയാളുടെ പേരും മേല്‍വിലാസവും രേഖപ്പെടുത്തി അവരുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ ഇല്ലെന്ന് സത്യപ്രസ്താവന നല്‍കണമായിരുന്നു.
ഇതേ രീതിയില്‍ അപേക്ഷകന് ആധാര്‍ കാര്‍ഡില്ലെന്നും ആധാര്‍ കാര്‍ഡ് എൻറോള്‍ ചെയ്തിട്ടില്ലെന്നും സത്യപ്രസ്താവന നല്കേണ്ടിയിരുന്നു. കാര്‍ഡ് വേണ്ടെന്ന് വന്നതോടെ സത്യപ്രസ്താവനയും നല്‍കേണ്ടതില്ല.