കാഞ്ഞിരപ്പളളി: മുക്കാൽ സെന്റ് സ്ഥലം വാങ്ങിയ വ്യക്തിയോട് മുക്കാൽ ഏക്കറിലധികം സ്ഥലത്തിന്റെ പിഴ തുക ആവശ്യപ്പെട്ട് രജിസ്ട്രേഷൻ വകുപ്പ്. കാഞ്ഞിരപ്പളളി കല്ലുകളം കെ.ജെ. വർഗീസിനാണ് ആധാരത്തിൽ തുക കുറച്ചു കാണിച്ചു എന്ന കാരണം പറഞ്ഞ് പിഴ അടയ്ക്കാൻ ജില്ലാ രജിസ്ട്രാർ നോട്ടീസ് നൽകിയത്.
കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്ത് കല്ലുകളം ബേക്കഴ്സ് എന്ന സ്ഥാപനം നടത്തുന്ന വർഗീസിന് കഴിഞ്ഞ ദിവസമാണ് ജില്ലാ രജിസ്ട്രാറുടെ നോട്ടീസ് ലഭിക്കുന്നത്.സ്ഥലത്തിന്റെ ആധാര ചെലവ് കുറച്ച് കാണിച്ചതിനാൽ പിഴയടയ്ക്കണം എന്നതായിരുന്നു നോട്ടീസിന്റെ ഉള്ളടക്കം. പിഴയടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി അടക്കമുള്ള കർശന നിയമ നടപടികളിലേക്ക് നീങ്ങുമെന്നും നോട്ടീസിൽ പറയുന്നുണ്ട്.
മുക്കാൽ സെന്റ് സ്ഥലത്തിന്റെ ആധാരം നടത്തിയ തന്നോട് 84 സെന്റിന്റെ ആധാര ചെലവ് കണക്കാക്കിയാണ് പിഴ ഒടുക്കാൻ നോട്ടീസിലൂടെ ജില്ലാ രജിസ്ട്രാർ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വർഗീസിന്റെ ആക്ഷേപം.സെറ്റിൽമെന്റ് പദ്ധതി പ്രകാരം മുദ്ര വിലയിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നതിനാലും രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കിയിരിക്കുന്നതിനാലും മൂവായിരം രൂപ അടച്ച് തുടർ നടപടികളിൽ നിന്ന് ഒഴിവാകാം എന്നു കാട്ടിയാണ് നോട്ടീസ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2005ലാണ് തന്റെ വസ്തുവിനോട് ചേർന്നുള്ള മുക്കാൽ സെന്റ് സ്ഥലം മതിയായ മുദ്രപത്ര വില നൽകി രജിസ്റ്റർ ചെയ്തതെന്ന് വർഗീസ് പറഞ്ഞു. നേരത്തെ കൈവശമുള്ള ഭൂമി അടക്കം ആകെ ഒന്പത് സെന്റ് സ്ഥലം മാത്രമാണ് ഇവിടെ തനിക്കുള്ളതെന്നിരിക്കെ രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് എന്ത് കാരണത്താലാണ് മുക്കാൽ ഏക്കറിലധികം സ്ഥലത്തിന്റെ പിഴ തുക ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെന്നാണ് വർഗീസ് ചോദിക്കുന്നത്. ്